ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 6 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
Zoom Meeting Link – https://us02web.zoom.us/j/81475259178
Passcode: 2990
Meeting ID: 814 7525 9178)
സാഹിത്യവേദി അംഗം ഷിജി അലക്സ് ഉള്ളെഴുത്തുകൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.
യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന, വിവിധ വിഷയമേഖലകളിൽ പ്രഗത്ഭരായ എൺപത് എഴുത്തുകാർ ന്യൂജെൻ കൂട്ടുകാർക്കെഴുതുന്ന സ്നേഹാർദ്രമായ കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യുവജനങ്ങൾ ഇന്നനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ മൂലകാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകവഴി, അവയെ നേരിടാൻ ഈ കത്തുകൾ അവരെ സജ്ജമാക്കുന്നു. യുവജനങ്ങളും മാതാപിതാക്കളും അധ്യാപകരും ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ന്യൂജെനറേഷനെ മുൻവിധികളില്ലാതെ മനസിലാക്കാൻ ശ്രമിക്കുന്നവർക്കും അവർക്കിടയിൽ പ്രവർത്തിക്കുന്നവർക്കും ഒഴിവാക്കാനാവാത്ത കൈപ്പുസ്തകം.
ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ലളിതമായി സംവദിക്കുന്നവയാണീ കത്തുകൾ. പുതിയകാലം തുറക്കുന്ന സാധ്യതകളെ സർഗ്ഗാത്മകമായി ഉപയോഗിക്കാനും പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനുമുള്ള ഉൾക്കാഴ്ചകൾ ഓരോ കത്തും പകരുന്നു. ശരിയുത്തരങ്ങൾ നൽകുന്നവയല്ല, അവയന്വേഷിക്കാൻ ന്യൂജെൻ യുവതയെ പ്രചോദിപ്പിക്കുന്നവയാണ് ഈ കത്തുകൾ.
കത്തെഴുത്തിനെ ഒരു ഡിജിറ്റൽക്കാല സാഹിത്യരൂപമായി വികസിപ്പിക്കുന്നു എന്നതിനാൽ സാഹിത്യത്തിലും സാംസ്ക്കാരികപഠനങ്ങളിലും തത്പരരായവർക്കും ഈ കത്തുപുസ്തകം പുതിയൊരു വായനാനുഭവമൊരുക്കുന്നു. മതയാഥാസ്ഥിതികത്വത്തിന്റെയും നവ യുക്തിവാദത്തിന്റെയും വിദ്വേഷ വ്യവഹാരങ്ങൾക്കും ലളിതവത്കരണങ്ങൾക്കുമപ്പുറം, മതവിശ്വാസത്തെയും ആത്മീയതയെയും തുറന്നമനസ്സോടെ പരിചയപ്പെടാനാഗ്രഹിക്കുന്നവരോടും സമകാലിക സാമൂഹികപ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നവരോടും ഈ കത്തുകൾ സംസാരിക്കും.
പുസ്തകത്തെപ്പറ്റിയുള്ള അവലോകനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
“യുവജനങ്ങളുടെ ജീവിതപരിസരങ്ങളെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതുമായ എൺപതു പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഹൃദയഭാഷണമാണ് ഉള്ളെഴുത്തുകൾ. കത്തുകളുടെ രൂപത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം ഗൗരവമായ വായനയും തുടർചർച്ചകളും അർഹിക്കുന്നു.” സാറാ ജോസഫ്.
“ഉള്ളെഴുത്തുകൾ കൂട്ടായ ജീവിതധർമ്മാന്വേഷണത്തിനുള്ള ക്ഷണമാണ്. ശരി-തെറ്റ് ദ്വന്ദ്വത്തിൽപ്പെടാതെ കാലത്തിന്റെ പുതിയ വെല്ലുവിളികളെ മാനവികവും അതിനപ്പുറവുമുള്ള മാനങ്ങളിലൂടെ തിരിച്ചറിയുന്നതിനുള്ള ശ്രമം ഈ പുസ്തകത്തിൽ കാണാം. കത്തുകളുടെ രൂപത്തിലുള്ള സംവാദത്തിലൂടെ വിമർശചിന്തകളുടെ വിശാലമായ പുതിയ ആകാശവും പുതിയ ഭൂമിയും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾ ജീവിക്കുന്ന കാലത്തെക്കുറിച്ചു വ്യഥയുള്ള വായനക്കാരെ സർഗ്ഗസംവാദത്തിനു ക്ഷണിക്കുകയാണീ കത്തുകൾ.” സനൽ മോഹൻ.
വായനയിലൂടെ സ്വയം നവീകരിക്കപ്പെടാൻ സദാ ശ്രമിക്കുന്ന, ശ്വസിക്കാനുതകുന്ന തരം വാക്കുകൾ ഉച്ചരിക്കുന്നവരുടേതായി ഈ ലോകം മാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന, വായനയെ വളരെ ഗൗരവമായി സ്വീകരിക്കുകയും, പുസ്തകാവലോകനം വഴി അനേകർക്ക് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും, അതുവഴി പലരെയും കളഞ്ഞുപോയ വായനയിലേക്ക് മടക്കി കൊണ്ടുവരികയും ചെയ്യുന്ന ഷിജി അലക്സ് ഉള്ളെഴുത്തുകളിലെ ഒരു എഴുത്തുകാരി കൂടെയാണ്.
മെയ് മാസ സാഹിത്യവേദിയിൽ ‘കെ സരസ്വതി അമ്മ – കഥ, കാലം, സമൂഹം’ എന്ന വിഷയത്തിൽ ശ്രീ ആർ എസ് കുറുപ്പ് നടത്തിയ ചർച്ച വളരെ ആസ്വാദ്യകരമായിരുന്നു.
എല്ലാ സാഹിത്യ സ്നേഹികളേയും ജൂൺ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷിജി അലക്സ് 224 436 9371, പ്രസന്നൻ പിള്ള 630 935 2990, ജോൺ ഇലക്കാട് 773 282 4955
