നാണക്കേടായിപ്പോയി രാഹുലേ ഈ പാതിരാ നാടകം: രാജു മൈലപ്ര

രാഹുല്‍ മാങ്കൂട്ടം എന്ന യുവ നേതാവ് കോണ്‍ഗ്രസിന്റെ ഒരു ഭാവി പ്രതീക്ഷയായിരുന്നു, യുവജനങ്ങളുടെ ഒരു ആവേശമായിരുന്നു. എന്നാല്‍, ഒരൊറ്റ തരംതാണ പ്രവൃത്തികൊണ്ട് അദ്ദേഹത്തിന്റെ ‘ക്രഡിബിലിറ്റി’ നഷ്ടപ്പെട്ടിരിക്കുന്നു.

‘കാര്യം കാണാന്‍ കഴുതക്കാലും’ പിടിക്കുന്ന ഒരു ഊച്ചാളിയായി അയാള്‍ തരം താണിരിക്കുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫലം എന്തു തന്നെയായാലും അതു ബഹുമാനപ്പെട്ട പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന് ഒരു ഭീഷണിയല്ല. വരുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു ചൂണ്ടുപലകയുമല്ല.

നാഴികക്ക് നാല്പതു വട്ടം സ്വന്തം നിലപാടുകള്‍ മാറ്റിപ്പറയുന്ന അന്‍വര്‍ സാഹിബുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നു മുന്നണി നേതൃത്വം ഒറ്റക്കെട്ടായി തീരുമാനം എടുത്തതിനു ശേഷമാണ് താനൊരു വലിയ സംഭവമാണെന്നു വരുത്തിത്തീര്‍ക്കുവാന്‍ രാഹുല്‍ എന്ന പറക്കമുറ്റാത്ത യുവനേതാവ്, പാതിരാത്രിയില്‍ അന്‍വറിക്കായുടെ കാലുപിടിക്കുവാന്‍ പോയത്.

ഒരൊറ്റ നേതാവും ഒരു ചര്‍ച്ചയ്ക്കും ഇനിമേല്‍ താനുമായി ഒരു കാരണവശാലും ബന്ധപ്പെടരുതെന്നു അന്‍വര്‍ കര്‍ശനമായ താക്കീത് നല്‍കിയ ശേഷമാണ്, രാഹുലിന്റെ തലയില്‍ മുണ്ടിട്ടു കൊണ്ടുള്ള ഈ പാതിരാനാടകം അരങ്ങേറിയത്. നാണം കെട്ടു നാറാന്‍ ഇതിനപ്പുറം എന്തെങ്കിലും വേണമോ?

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പടുത്തുയര്‍ത്തിയ കോണ്‍ഗ്രസിന്റെ ഈ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന ഗ്രാഫ്, എത്ര അനായാസമാണ് ഈ പ്രവൃത്തിമൂലം രാഹുല്‍ തകര്‍ത്തത്. വി.ഡി. സതീശന്റെ കരണത്തേറ്റ ഒരു ഒന്നൊന്നര അടിയായിപ്പോയി അത്.

തികച്ചും അപ്രസക്തമായിക്കൊണ്ടിരുന്ന അന്‍വറിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് വാല്യു വീണ്ടും കുതിച്ചുയര്‍ന്നു.

എതിരാളികള്‍ക്ക് കോണ്‍ഗ്രസിനെ പരിഹസിക്കാനുള്ള ഒരു ഒന്നാന്തരം ആയുധമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവര്‍ക്ക് മൂര്‍ച്ച മിനുക്കി കാഴ്ചവെച്ചത്.

അല്ലെങ്കിലും ഈ കോണ്‍ഗ്രസ് അങ്ങനെയാണ്. എപ്പോഴെങ്കിലും ഒരു വിജയസാദ്ധ്യത തെളിഞ്ഞുവന്നാല്‍, തമ്മില്‍ത്തല്ലി അതു തല്ലിക്കെടുത്തും. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസ് നേതാക്കാര്‍ തന്നെയാണെന്ന് ആരോ പറഞ്ഞത് എത്ര സത്യമാണ്.

‘തലയിരിക്കുമ്പോള്‍ വാലാടരുത്’, ‘അമിതാവേശം ആപത്താണ്’ എന്ന കാര്യം രാഹുല്‍ എന്ന പയ്യന്‍സ് മറക്കാതിരുന്നാല്‍ അത് അയാള്‍ക്കുതന്നെ നല്ലത്.

കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടു ചോറ് വാരിക്കുന്ന പരിപാടി ആരോ പിന്നില്‍ നിന്നും കളിച്ചിട്ടുണ്ട്. ഇനി ആര്യാടന്‍ ഷൗക്കത്തിനെ തോല്പിക്കുവാന്‍ എ.കെ.ജി. സെന്ററില്‍ നിന്നും നീലപ്പെട്ടിയില്‍ രാഹുല്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ തന്നെ അത്ഭുതപ്പെടാനില്ല.

വി.ഡി. സതീശനെ ഒന്നിരുത്താന്‍ കിട്ടിയ സന്തോഷത്തിലാണ് കോണ്‍ഗ്രസിലെ മറ്റു മുഖ്യമന്ത്രിപദ മോഹികളില്‍ പലരും. ആര്യാടന്റെ വിജയത്തേക്കാള്‍ വി.ഡി. സതീശന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്നതിലാണ് ഇവര്‍ക്ക് താല്പര്യം.

വെറുതേ മാളത്തിലിരുന്ന സ്വരാജിനെ പുച്ഛിച്ചും പരിഹസിച്ചും പുറത്തുചാടിച്ച്, സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുവാനുള്ള കരുത്തും കളവും ഒരുക്കിക്കൊടുത്തതിലും രാഹുല്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പാണ് പിണറായി വിജയന്‍ എന്ന ചാണക്യനോട് നേര്‍ക്കുനേര്‍ മുട്ടണമെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കുറച്ചുകൂടി മൂക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ തുടര്‍ ഭരണത്തിനു പാതയൊരുക്കുന്ന കോണ്‍ഗ്രസ് നേതാക്കാര്‍ക്ക് ഒരു ബിഗ് റെഡ് സല്യൂട്ട്.

Print Friendly, PDF & Email

Leave a Comment

More News