വിദേശ തീവ്രവാദികളെ സൈന്യത്തിൽ ഉൾപ്പെടുത്താൻ സിറിയയ്ക്ക് അമേരിക്കയുടെ പച്ചക്കൊടി

ട്രംപിന്റെ സിറിയയിലേക്കുള്ള പ്രത്യേക ദൂതനായി നാമനിർദ്ദേശം ചെയ്യപ്പെട്ട തുർക്കിയെയിലെ യുഎസ് അംബാസഡർ തോമസ് ബരാക്ക് (ഇടത്), ഇസ്താംബൂളിൽ വെച്ച് സിറിയന്‍ പ്രസിഡന്റ് അബു മുഹമ്മദ് അൽ-ജൊലാനിയുമായി കൈ കുലുക്കുന്നു (ചിത്രത്തിന് കടപ്പാട് എ എഫ് പി)

എച്ച്.ടി.എസ് നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടത്തിന്റെ തലവൻ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെത്തുടർന്ന്, ആയിരക്കണക്കിന് വിദേശ തക്ഫിരി തീവ്രവാദികളെ രാജ്യത്തിന്റെ പുതിയ സൈന്യത്തിൽ ഉൾപ്പെടുത്താൻ അമേരിക്ക സിറിയയ്ക്ക് അനുമതി നൽകിയതായി റിപ്പോർട്ട്.

പുതിയ ഭരണകൂടത്തിന്റെ പദ്ധതി പ്രകാരം, മുൻ പ്രസിഡന്റ് ബഷർ അൽ-അസദിനെതിരെ സിറിയൻ പ്രതിപക്ഷത്തോടൊപ്പം പോരാടിയ ഏകദേശം 3,500 വിദേശ തീവ്രവാദികൾ, “84-ാമത് സിറിയൻ ആർമി ഡിവിഷൻ” എന്ന പുതുതായി രൂപീകരിച്ച ഒരു യൂണിറ്റിൽ ചേരുമെന്ന് മൂന്ന് സിറിയൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തിങ്കളാഴ്ച മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഈ നീക്കത്തിന് വാഷിംഗ്ടൺ അംഗീകാരം നൽകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സിറിയയിലേക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി തോമസ് ബരാക് പറഞ്ഞത് “സുതാര്യതയോടെയുള്ള ഒരു ധാരണയുണ്ടെന്ന് ഞാൻ പറയും” എന്നാണ്.

സിറിയയിലെ എച്ച്.ടി.എസ് നയിക്കുന്ന ഭരണകൂടത്തോട് “വളരെ വിശ്വസ്തരായ” തീവ്രവാദികളെ, ഒഴിവാക്കുന്നതിനേക്കാൾ രാജ്യത്തിന്റെ പദ്ധതിയിൽ നിലനിർത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വാഷിംഗ്ടൺ ഈ നീക്കത്തെ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, മെയ് മാസത്തിൽ ട്രംപ് സൗദി അറേബ്യയിൽ വെച്ച് എച്ച്.ടി.എസ് നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടത്തിന്റെ തലവനും, അൽ-ഖ്വയ്ദയിലും ഐഎസിലും മുൻ സീനിയർ കമാൻഡറുമായിരുന്ന അബു മുഹമ്മദ് അൽ-ജൊലാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സിറിയയോടുള്ള ട്രം‌പിന്റെ സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്.

റിയാദിലേക്കുള്ള യാത്രയ്ക്കിടെ, സിറിയയ്‌ക്കെതിരായ എല്ലാ യുഎസ് ഉപരോധങ്ങളും പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പതിമൂന്ന് വർഷത്തെ തീവ്രവാദത്തിനിടെ മുൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ സർക്കാരിനെതിരെ ആയിരക്കണക്കിന് വിദേശ തക്ഫിരി തീവ്രവാദികൾ പോരാടിയതായി റിപ്പോർട്ട് പറയുന്നു. ചില തീവ്രവാദികൾ സ്വന്തം ഗ്രൂപ്പുകൾ രൂപീകരിച്ചു, മറ്റു ചിലർ ഐസിസ് പോലുള്ള സ്ഥാപിത തീവ്രവാദ ഗ്രൂപ്പുകളിൽ ചേർന്നു.

മുൻ സർക്കാരിനെതിരെ പോരാടുന്നതിൽ വിദേശ തീവ്രവാദികൾക്കും അവരുടെ കുടുംബങ്ങൾക്കും സിറിയൻ പൗരത്വം നൽകുമെന്ന് ജോലാനി പറഞ്ഞു. അൽ-ഖ്വയ്ദയിലും ഐഎസിലും മുൻ സീനിയർ കമാൻഡറായിരുന്ന അബു മുഹമ്മദ് അൽ-ജൊലാനി ഇപ്പോൾ സിറിയയുടെ യഥാർത്ഥ പ്രസിഡന്റാണ്.

ഡിസംബറിൽ, എച്ച്.ടി.എസ് തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സായുധ സംഘങ്ങൾ സിറിയൻ തലസ്ഥാനം പൂർണ്ണമായും പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയും പ്രസിഡന്റ് അസദിന്റെ സർക്കാരിന്റെ പതനം പ്രഖ്യാപിക്കുകയും ചെയ്തു.

ഡിസംബറിൽ എച്ച്.ടി.എസ് സിറിയ പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം സഹായിച്ചതെങ്ങനെയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തിടെ വിവരിച്ചിരുന്നു.

അൽ-ഖ്വയ്ദ ഭീകര സംഘടനയുടെ ഭാഗമായ എച്ച്.ടി.എസിന് കീഴിലുള്ള സിറിയയിലെ സുരക്ഷാ സ്ഥിതി ഇപ്പോഴും ദുർബലമാണ്. മാർച്ചിൽ നൂറുകണക്കിന് അലവൈറ്റുകളെ കൂട്ടക്കൊല ചെയ്തതുൾപ്പെടെയുള്ള വിഭാഗീയ അക്രമ സംഭവങ്ങൾ, ഇപ്പോൾ പ്രബലരായ തീവ്രവാദികളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭയം ശക്തമാക്കിയിട്ടുണ്ട്.

Leave a Comment

More News