പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും “ഓപ്പറേഷൻ സിന്ദൂരിന്” ശേഷം ഇന്ത്യയുടെ നയതന്ത്ര മേഖലയിലെ പ്രമുഖരിൽ ഒരാളായി മാറുകയും ചെയ്ത എംപി ശശി തരൂരിനെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഖാർഗെ സൂചിപ്പിച്ചു.
“പറക്കാൻ അനുവാദം ചോദിക്കരുത്. നിങ്ങൾക്ക് ചിറകുകളുണ്ട്, ആകാശം ആരുടേയും സ്വന്തമല്ല” എന്ന് കോൺഗ്രസ് എംപി ശശി തരൂർ ബുധനാഴ്ച പോസ്റ്റ് ചെയ്ത ഒരു നിഗൂഢ ട്വീറ്റ്, പാർട്ടിക്ക് രാഷ്ട്രമാണ് ആദ്യം. പക്ഷേ ചിലർ പറയുന്നത് ‘മോദി ആദ്യം, രാഷ്ട്രം പിന്നീട്’ എന്നാണ് എന്ന് തരൂരിനെ പരോക്ഷമായി ലക്ഷ്യം വച്ചുള്ള കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിന് ഒരു മണിക്കൂറിന് ശേഷമാണ് ശശി തരൂരിന്റെ ടീറ്റ് വന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോളതലത്തിലെ ഊർജ്ജവും പ്രവർത്തനവും ഇന്ത്യയുടെ ഒരു ‘പ്രധാന ആസ്തി’യാണെന്ന് തരൂർ എഴുതിയ ഒരു ലേഖനത്തിൽ വിശേഷിപ്പിച്ചു. അദ്ദേഹം എഴുതി, “പ്രധാനമന്ത്രി മോദിയുടെ ഊർജ്ജവും ചലനാത്മകതയും ആഗോളതലത്തിലെ സജീവതയും ഇന്ത്യയ്ക്ക് പ്രധാന ആസ്തികളാണ്. പക്ഷേ, അതിന് കൂടുതൽ പിന്തുണ ആവശ്യമാണ്. ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള നയതന്ത്ര സംരംഭം ദേശീയ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയ വിനിമയത്തിന്റെയും നിമിഷമായിരുന്നു. അന്താരാഷ്ട്ര വേദികളിൽ വ്യക്തതയോടും ദൃഢതയോടും കൂടി ഐക്യ ഇന്ത്യയ്ക്ക് ശബ്ദം ഉയർത്താൻ കഴിയുമെന്ന് ഇത് തെളിയിച്ചു.” ഓപ്പറേഷൻ സിന്ദൂരിനും പഹൽഗാം ഭീകരാക്രമണത്തിനും ശേഷമുള്ള ഈ ലേഖനത്തിന്റെ സമയം കോൺഗ്രസിനുള്ളിൽ വിവാദത്തിന് കാരണമായി. ബിജെപിയുടെ വിദേശ, പ്രതിരോധ നയങ്ങൾക്കെതിരായ പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് തരൂരിന്റെ പ്രസ്താവനയെന്ന് പല നേതാക്കളും കരുതി.
തരൂരിന്റെ ഇംഗ്ലീഷിലുള്ള പ്രാവീണ്യത്തെ പരിഹസിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു, “ആളുകൾ മനസ്സിൽ തോന്നുന്നതെന്തും എഴുതും. അതിൽ കുടുങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. രാഷ്ട്രത്തിനായുള്ള ഐക്യം ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനായി ഞങ്ങൾ പോരാടിക്കൊണ്ടിരിക്കും. ഞങ്ങൾക്ക് 34 സിഡബ്ല്യുസി അംഗങ്ങളും 30 പ്രത്യേക ക്ഷണിതാക്കളുമുണ്ട്, എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രത്തെ രക്ഷിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ആരെങ്കിലും ആശങ്കാകുലരാണെങ്കിൽ, നിങ്ങൾ അവരോട് ചോദിക്കുക.”
കോൺഗ്രസിലെ വ്യത്യാസങ്ങൾ സ്വീകാര്യമാണ്: വേണുഗോപാൽ
“നിങ്ങളുടെ ഇഷ്ടം പോലെ വ്യാഖ്യാനിക്കൂ. പാർട്ടിയിൽ നിന്ന് ആരെയെങ്കിലും പുറത്താക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? വ്യത്യസ്ത അഭിപ്രായങ്ങളുള്ള അംഗങ്ങൾ പാർട്ടിയിൽ ഉണ്ടായിരിക്കുന്നത് കോൺഗ്രസിന്റെ ഭംഗിയാണ്, പക്ഷേ പാർട്ടി അന്തിമ തീരുമാനം എടുക്കുമ്പോൾ എല്ലാവരും അത് പാലിക്കണം,” കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
