ന്യൂയോർക്ക് : പുതിയ നേതൃത്വത്തിനായി കാത്തിരുന്ന ന്യൂയോർക്കുകാർക്ക് സൊഹ്റാൻ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഉദയം ഒരാഘോഷമാണ്. മുതലാളിത്തത്തിന്റെ അതിരു കടന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ആഹ്വാനമായാണ് മേയർ തിരഞ്ഞെടുപ്പിലെ മംദാനിയുടെ വിജയത്തെ സാധാരണക്കാർ നോക്കിക്കാണുന്നത്.
ഇന്ത്യൻ വംശജനായ ഉഗാണ്ടൻ അക്കാദമിക് പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംവിധായികയും രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത മീര നായരുടെയും മകനായി ഒക്ടോബർ 18, 1991നാണ് സൊഹ്റാൻ ക്വാമെ മംദാനി ജനിച്ചത്. കൊളോണിയലിസത്തെക്കുറിച്ച് പഠിപ്പിക്കുന്ന കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറും, ഉഗാണ്ടയിലെ കമ്പാല ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറുമാണ് അദ്ദേഹത്തിന്റെ പിതാവ് മഹ്മൂദ്. അഞ്ച് വയസ്സുള്ളപ്പോൾ മംദാനി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് താമസം മാറി. മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ഉഗാണ്ടയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് കുടിയേറി. ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിൽ നിന്നും ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം, 2014 ൽ മെയ്നിലെ ബൗഡോയിൻ കോളജിൽ നിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. പ്രിവൻഷൻ കൗൺസിലറായും ക്രിക്കറ്റ് കളിക്കാരനായും ന്യൂയോർക്ക് സബ്വേ സ്റ്റേഷനുകളിൽ റാപ്പറായും പ്രവർത്തിച്ച ശേഷമാണ് രാഷ്ട്രീയ രംഗപ്രവേശം. വിദ്യാർത്ഥി സംഘടനാ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ് തുടക്കം. ന്യൂയോർക്ക് സിറ്റി അസംബ്ലിക്കകത്തും പുറത്തും തൊഴിലാളി വർഗത്തിനുവേണ്ടി പോരാടിക്കൊണ്ടാണ് ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം ജനമനസ്സുകളിൽ ഇടംനേടിയത്. 450 മില്യൺ ഡോളറിന്റെ കടാശ്വാസം ലഭിക്കുന്നതിന് ടാക്സി ഡ്രൈവർമാരോടൊപ്പം നിരാഹാര സമരം നടത്തിയതിലൂടെയും സബ്വേ സർവീസ് വർദ്ധിപ്പിക്കുന്നതിനും സൗജന്യ ബസ് പൈലറ്റിനും വേണ്ടി സംസ്ഥാന ബജറ്റിൽ 100 മില്യൺ ഡോളറിലധികം നേടിക്കൊണ്ടും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന നേതാവെന്ന പേര് ഇതിനോടകം ഈ 33 കാരൻ നേടിയിട്ടുണ്ട്. നിലവിൽ ക്വീൻസിലെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയുടെ 36-ാമത് ഡിസ്ട്രിക്റ്റിന്റെ പ്രതിനിധിയാണ്.
സൊഹ്റാൻ മംദാനി മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം ചെയ്തത് ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്ന സുരക്ഷിതമായ ഇടമാണ്. അധ്വാനിക്കുന്ന ജനവിഭാഗത്തെ തകർക്കുന്ന ജീവിതച്ചെലവ് നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. വാടക കുറയ്ക്കാനും ലോകോത്തര നിലവാരത്തോടെ പൊതുഗതാഗതം മെച്ചപ്പെടുത്താനും സാധ്യമായതെല്ലാം താൻ വിജയിച്ചാൽ ചെയ്തു തരുമെന്ന വാഗ്ദാനവും ആളുകൾ ഏറ്റെടുത്തു.
ന്യൂയോർക്ക് നിവാസികളിൽ ഭൂരിഭാഗവും വാടകയ്ക്കാണ് താമസം. വാടകക്കാരെ പിഴിഞ്ഞെടുക്കാനാണ് നിലവിലെ മേയർ എറിക് ആഡംസ് ശ്രമിച്ചിട്ടുള്ളതെന്ന് മംദാനി കുറ്റപ്പെടുത്തിയിരുന്നു. വാടക 9% വർദ്ധിപ്പിച്ചത് ജനങ്ങളെ അക്ഷരാർത്ഥത്തിൽ വലച്ചു. താൻ മേയർ ആയാൽ, ഈ ഉയർന്ന വാടകനിരക്ക് ഉടൻ മരവിപ്പിക്കുകയും, ന്യൂയോർക്കുകാർക്ക് ആവശ്യമായ ഭവനങ്ങൾ നിർമ്മിക്കുന്നതിനും വാടക കുറയ്ക്കുന്നതിനും ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മംദാനി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളി കുടുംബങ്ങൾ ന്യൂയോർക്ക് സിറ്റി വിട്ടു പോകുന്നതിന്റെ പ്രധാന കാരണം ഭവന പ്രതിസന്ധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് മാറ്റാൻ മേയർക്ക് അധികാരമുണ്ട്.

പൊതുഗതാഗതം വിശ്വസനീയവും സുരക്ഷിതവും എല്ലാവർക്കും താങ്ങാവുന്നതും ആക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. മുൻഗണനാ പാതകൾ വേഗത്തിൽ നിർമ്മിക്കുകയും ബസ് ക്യൂ ജമ്പ് സിഗ്നലുകൾ വികസിപ്പിക്കുകയും പ്രത്യേക ലോഡിംഗ് സോണുകൾ നൽകുകയും ചെയ്തുകൊണ്ട് യാത്ര വേഗത്തിലാക്കുമെന്നും മംദാനി പ്രചാരണത്തിൽ പറഞ്ഞിരുന്നു. വേഗതയേറിയതും സൗജന്യവുമായ ബസുകൾ സാധാരണക്കാർ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്. ശിശു പരിപാലനം ന്യൂയോർക്കിൽ ചിലവേറിയ കാര്യമാണ്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളുള്ള ന്യൂയോർക്കുകാർക്ക് പലപ്പോഴും ചിലവിന്റെ ഈ ഭാരം താങ്ങാനാകുന്നില്ല. ജോലി ഉപേക്ഷിച്ച് ശമ്പളമില്ലാതെ കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരിക്കുന്ന അമ്മമാരുടെ മേലാണ് ഈ ഭാരം ഏറ്റവും കൂടുതൽ വരുന്നത്. ന്യൂയോർക്കിലെ 6 ആഴ്ച മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ശിശു സംരക്ഷണം നടപ്പിലാക്കുമെന്ന് സൊഹ്റാൻ വാഗ്ദാനം ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഏവർക്കും വലിയ ആശ്വാസമാണ്. ചൈൽഡ്കെയർ തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരത്തിൽ, ജീവിതച്ചിലവ് കൂടുതൽ ആയതിനാൽ മിനിമം വേതനം വർദ്ധിക്കേണ്ടതുണ്ടെന്നും മംദാനി ചൂണ്ടിക്കാട്ടിയിരുന്നു. കുറഞ്ഞ വേതനമുള്ള തൊഴിലുടമകൾക്ക് ഫലപ്രദമായി സബ്സിഡി നൽകണമെന്നും മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ, 2030 ആകുമ്പോൾ ന്യൂയോർക്ക് സിറ്റിയിലെ വേതന പരിധി മണിക്കൂറിന് $30 ആയി ഉയർത്തുന്ന പ്രാദേശിക നിയമത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വർഷവും ന്യൂയോർക്ക് സിറ്റിയിൽ 125,000 കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക കുഞ്ഞുങ്ങൾക്കും ആരോഗ്യകരമായ ഒരു തുടക്കം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. മംദാനി ഭരണകൂടം കുഞ്ഞുങ്ങൾ പിറക്കുമ്പോൾ ഡയപ്പറുകൾ, ബേബി വൈപ്പുകൾ, നഴ്സിംഗ് പാഡുകൾ, പ്രസവാനന്തര പാഡുകൾ, സ്വാഡിൽസ്, പുസ്തകങ്ങൾ എന്നിവയുൾപ്പെടെ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് സൗജന്യമായി നൽകും. നവജാത ശിശു ഭവന സന്ദർശന പരിപാടി വഴി മുലയൂട്ടൽ, പ്രസവാനന്തര വിഷാദം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കും. പ്രസവാനന്തര മാതൃമരണത്തെ ചെറുക്കുന്നതിനും സർക്കാരിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
2025-ൽ, ട്രംപ് ഭരണകൂടത്തിന്റെയും മേയർ എറിക് ആഡംസിന്റെയും കുടിയേറ്റ നയത്തിനും ട്രാൻസ്ജെൻഡർ അമേരിക്കക്കാർക്കെതിരായ ഫെഡറൽ നയത്തിനും എതിരെ പ്രതിഷേധിച്ച് മാൻഹട്ടനിലെ യൂണിയൻ സ്ക്വയറിൽ നടന്ന റാലിയിൽ പ്രത്യക്ഷപ്പെട്ട ഒരേയൊരു മേയർ സ്ഥാനാർത്ഥി മംദാനി ആയിരുന്നു. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കൂടുതൽ പൊലീസുകാരും ജയിലുകളുമല്ല വേണ്ടത്, മാന്യമായ ജോലിയും സാമ്പത്തിക സ്ഥിരതയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം നാടിനെ സുരക്ഷിതമായ ഇടമാക്കുകയും ചെയ്യുമെന്നാണ് ഈ നേതാവിന്റെ പക്ഷം.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ഹൗസിംഗ് കൗൺസിലറായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ മംദാനിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ക്വീൻസിലെ താഴ്ന്ന വരുമാനക്കാരായ വെള്ളക്കാരല്ലാത്ത വീട്ടുടമസ്ഥർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ വരുമ്പോൾ അവരുടെ വീടുകളിൽ തന്നെ തുടരാനുള്ള ശ്രമങ്ങൾ നടത്തിക്കൊടുത്തിരുന്ന മാംദാനിക്ക് ന്യൂയോർക്കുകാരുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്. ഇത്തരം പ്രതിസന്ധി പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ താൻ തീരുമാനിച്ചതെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിലെ സത്യസന്ധത ജനങ്ങൾ തൊട്ടറിഞ്ഞു.
നാല് തവണ അധികാരത്തിലിരുന്ന അരവെല്ല സിമോട്ടാസിനെ പരാജയപ്പെടുത്തിയ ശേഷം 2020 ലാണ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്, പിന്നീട് എതിർപ്പില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഭവന പരിഷ്കരണം, ഗതാഗതം, ഊർജ്ജം എന്നിവയാണ് അദ്ദേഹത്തിന്റെ നിയമനിർമ്മാണ മുൻഗണനകളിലുള്ളത്. കഴിഞ്ഞ വർഷം തന്നെ, 2025-ലെ മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മംദാനി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതച്ചിലവ് കുറയ്ക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രചാരണ വേദിയിലെ വാഗ്ദാനങ്ങളാണ് ജനങ്ങളെ ആകർഷിച്ചത്. ഡെമോക്രാറ്റിക് പ്രൈമറി പ്രചാരണ വേളയിൽ, ബെർണി സാൻഡേഴ്സ്, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് എന്നിവരുൾപ്പെടെ പ്രമുഖ പുരോഗമന രാഷ്ട്രീയക്കാർ മംദാനിയെ പിന്തുണച്ചത് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും യുവാക്കളെ അടുപ്പിക്കുന്നതിനും അവസരമൊരുക്കി. ഇസ്രായേലിനെയും പലസ്തീനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്ന വീക്ഷണങ്ങളും ശ്രദ്ധ ആകർഷിച്ചു. 2025 ജൂൺ 24-ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ, മംദാനി ഒരു കമാൻഡിംഗ് ലീഡ് നേടുകയും കടുത്ത ഇസ്രായിൽ പക്ഷപാതിയായ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയെ പരാജയപ്പെടുത്തുകയും ചെയ്തത് പലരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
2015-ൽ സിറ്റി കൗൺസിലിന്റെ 23-ാമത് ഡിസ്ട്രിക്റ്റിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിൽ അലി നജ്മിയുടെ പ്രചാരണത്തിനായി വോളണ്ടിയർ ആയിട്ടാണ് മംദാനി ന്യൂയോർക്ക് സിറ്റി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2017-ൽ, മംദാനി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയിൽ (ഡിഎസ്എ) ചേരുകയും ബ്രൂക്ലിനിലെ ബേ റിഡ്ജിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ ന്യൂയോർക്ക് സിറ്റി കൗൺസിൽ സ്ഥാനാർത്ഥി ഖാദിർ എൽ-യതീമിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
2018 ൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുമ്പോൾ റോസ് ബാർക്കനുവേണ്ടിയും 2019ൽ ക്വീൻസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായുള്ള ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ടിഫാനി കാബനുവേണ്ടിയും ക്യാമ്പെയ്നിങ് മാനേജർ, പ്രചാരണത്തിന്റെ ഫീൽഡ് ഓർഗനൈസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2019 ഒക്ടോബറിൽ, ക്വീൻസിലെ അസ്റ്റോറിയയും ലോംഗ് ഐലൻഡ് സിറ്റിയും ഉൾപ്പെടുന്ന ന്യൂയോർക്കിലെ 36-ാമത് സ്റ്റേറ്റ് അസംബ്ലിയെ പ്രതിനിധീകരിക്കുന്നതിനുള്ള തന്റെ പ്രചാരണം മംദാനി പ്രഖ്യാപിച്ചു. ഡിഎസ്എ അദ്ദേഹത്തെ പിന്തുണച്ചു. ന്യൂയോർക്കിലെ മുസ്ലീം ഡെമോക്രാറ്റിക് ക്ലബ്ബിലും മംദാനി അംഗമാണ്. ഗണ്യമായ മുസ്ലീം – അറബ് വംശജർ ജനസംഖ്യയുള്ള അസ്റ്റോറിയയുടെ ഒരു വിഭാഗം അദ്ദേഹത്തിന്റെ അസംബ്ലി ഡിട്രിക്ടിൽ ഉൾപ്പെടുന്നുണ്ട്.
2025 ജനുവരി വരെ, മംദാനി ഒമ്പത് അസംബ്ലി കമ്മിറ്റികളിൽ അംഗമായിരുന്നു: കമ്മിറ്റി ഓൺ ഏജിംഗ്; കമ്മിറ്റി ഓൺ സിറ്റിസ്; കമ്മിറ്റി ഓൺ ഇലക്ഷൻ ലോ; കമ്മിറ്റി ഓൺ എനർജി; കമ്മിറ്റി ഓൺ റിയൽ പ്രോപ്പർട്ടി ടാക്സേഷൻ; ബ്ലാക്ക്, ഹിസ്പാനിക് & ഏഷ്യൻ ലെജിസ്ലേറ്റീവ് കോക്കസ് തുടങ്ങിയവയിലെ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരുടെ പ്രശ്നനങ്ങൾ അടുത്തറിയാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അസംബ്ലിയിലെ 20 ബില്ലുകളുടെ പ്രാഥമിക സ്പോൺസറായിരുന്ന മംദാനി – അതിൽ മൂന്നെണ്ണം നിയമമാക്കി. 2025 മെയ് വരെ 238 ബില്ലുകളുടെ സഹ-സ്പോൺസറും. 2025 ൽ ആല്ബനിയില് ഒരു സെഷൻ പോലും നഷ്ടപ്പെടുത്താത്ത മേയർ മത്സരത്തിലെ ഏക സ്റ്റേറ്റ് അസംബ്ലിമാൻ കൂടിയാണ് മംദാനി. സബ്വേ സർവീസിനായി സംസ്ഥാന ബജറ്റിൽ 100 മില്യൺ ഡോളറിലധികം നേടിയത് അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്.
ന്യൂയോർക്കിലെ ഏറ്റവും ശക്തരായ തൊഴിലാളിവർഗക്കാരുടെ സഖ്യത്തെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവ് മംദാനിക്കുണ്ടെന്നാണ് അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട് അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് മുൻപ് പറഞ്ഞത്. ഒരേ ആളുകളെ വീണ്ടും തിരഞ്ഞെടുക്കുകയാണെങ്കിൽ അവർ മുൻപ് എടുത്ത അതേ തീരുമാനങ്ങള് ആവർത്തിക്കുകയും ഒരിക്കലും ഡൊണാള്ഡ് ട്രംപിന്റെ നയങ്ങളെ മറികടക്കാന് കഴിയാതെയും വരുമെന്നുള്ള അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ ആളുകൾ ശ്രദ്ധാപൂർവ്വം ശ്രവിച്ചു.
ശതകോടീശ്വരന്മാര് നയിക്കുന്ന ഒരു കോര്പ്പറേറ്റ് ആധിപത്യ രാഷ്ട്രീയവുമായി തുടരണോ അതോ പ്രഭുവർഗ്ഗത്തിനും സ്വേച്ഛാധിപത്യത്തിനും ക്ലെപ്റ്റോക്രസിക്കും എതിരെ പോരാടാന് പ്രതിജ്ഞാബദ്ധരായ സാധാരണക്കാർക്ക് കരുത്തുപകരുന്ന അടിസ്ഥാന പ്രസ്ഥാനം കെട്ടിപ്പടുക്കണോ എന്ന് മംദാനിയെ പിന്തുണച്ചു കൊണ്ട് സെനറ്റര് ബെര്ണി സാന്ഡേഴ്സ് ചോദിച്ചതും ലക്ഷ്യം കണ്ടു. തൊഴിലാളി വർഗത്തിനുവേണ്ടി പോരാടാൻ തയ്യാറായ പുതിയ നേതാവ് എന്ന നിലയിലാണ് ജനങ്ങൾ മംദാനിക്ക് വോട്ട് ചെയ്തത്.
ജൂൺ 16-ന്, ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയൽ ബോർഡ് മംദാനി ന്യൂയോർക്കുകാരുടെ ബാലറ്റുകളിൽ ഇടം നേടാൻ അർഹനാണെന്ന് വിശ്വസിക്കുന്നില്ല എന്ന് എഴുതിയിരുന്നു. അദ്ദേഹത്തിന് ഭരണരംഗത്ത് അനുഭവപരിജ്ഞാനം കുറവാണെന്നാണ് അവർ ചൂണ്ടിക്കാണിച്ചത്. അദ്ദേഹത്തിന്റെ അജണ്ടയെ ഡി ബ്ലാസിയോയുടെ മറ്റൊരു പതിപ്പെന്ന് ഉപമിക്കുകയും ചെയ്തു.
മിക്ക പ്രചാരണങ്ങളിലും, പോളിംഗിൽ മംദാനി കോമോയേക്കാൾ പിന്നിലായിരുന്നു. മംദാനിയും കൊമോയും സമാനമായ തുക സ്വരൂപിച്ചെങ്കിലും, അദ്ദേഹത്തിന്റെ ദാതാക്കളുടെ എണ്ണം കോമോയുടേതിനേക്കാൾ വളരെ കൂടുതലായിരുന്നു. പ്രൈമറി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ ഒരു വോട്ടെടുപ്പിൽ മംദാനി കോമോയേക്കാൾ മുന്നിലാണെന്ന് കണ്ടപ്പോൾ കാറ്റ് മാറി വീശുന്ന സൂചന ലഭിച്ചിരുന്നു.
2016-ലെ ബെർണി സാൻഡേഴ്സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് മംദാനി ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായി സ്വയം തിരിച്ചറിയാൻ തുടങ്ങിയത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയിലെ അംഗമാണ് അദ്ദേഹം. സാർവത്രിക പ്രീ-കിന്റർഗാർട്ടൻ ചൈൽഡ്കെയർ സിസ്റ്റത്തെ മംദാനി പിന്തുണയ്ക്കുന്നു. ന്യൂയോർക്ക് നഗരത്തിലെ എല്ലാ പുതിയ കുടുംബങ്ങൾക്കും ഡയപ്പറുകൾ, നഴ്സിംഗ് സപ്ലൈസ് തുടങ്ങിയ ഉൽപ്പന്നങ്ങൾ അടങ്ങിയ “ബേബി ബാസ്ക്കറ്റുകൾ” നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെയും കൊളംബിയ യൂണിവേഴ്സിറ്റിയുടെയും സ്റ്റേറ്റ് പ്രോപ്പർട്ടി ടാക്സ് ഇളവ് ഇല്ലാതാക്കാനും ആ ഫണ്ടുകൾ ധനസഹായം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് സിസ്റ്റത്തിലേക്ക് തിരിച്ചുവിടാനുമുള്ള ഒരു ബിൽ മംദാനി അവതരിപ്പിച്ചു.
ഗാസ യുദ്ധകാലത്തെ ഇസ്രായേലിന്റെ നടപടികളെ അദ്ദേഹം ശകതമായി അപലപിച്ചു, വംശഹത്യ എന്നാണതിനെ അദ്ദേഹം വിളിച്ചത്. 2023 ഒക്ടോബർ 13-ന്, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പരമ്പരയുടെ ഭാഗമായി ന്യൂയോർക്ക് സിറ്റിയിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിനിടെ അറസ്റ്റിലായ നിരവധി പ്രതിഷേധക്കാരിൽ മംദാനിയും ഉൾപ്പെടുന്നു. 2023 നവംബറിൽ, അടിയന്തര വെടിനിർത്തലിനെ പിന്തുണച്ചും പ്രസിഡന്റ് ബൈഡൻ ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണത്തെ പിന്തുണയ്ക്കുന്നതിനെ എതിർത്തും വാഷിംഗ്ടൺ ഡി.സി.ക്ക് പുറത്ത് അഞ്ച് ദിവസത്തെ നിരാഹാര സമരത്തിൽ മംദാനി സിന്തിയ നിക്സണിനൊപ്പം ചേർന്നു. 2024-ൽ, റമദാൻ മാസത്തിൽ ഗാസയിലെ വെടിനിർത്തലിനായി അദ്ദേഹം ഇഫ്താർ നടത്തി.
യഹൂദ വിരുദ്ധതകൊണ്ടല്ല, അക്രമത്തിനുള്ള ഏതൊരു പ്രേരണയും താൻ എതിർക്കുന്ന ഒന്നാണെന്ന് മംദാനി വ്യക്തമാക്കിയിട്ടുണ്ട്. ‘ഇൻറിഫാദയെ ആഗോളവൽക്കരിക്കുക’ എന്നുള്ളത് പലസ്തീൻ മനുഷ്യാവകാശങ്ങൾക്കായുള്ള പ്രതീകാത്മക ആഹ്വാനമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂത പ്രതിരോധത്തെ പരാമർശിക്കുന്ന അറബി വിവർത്തനങ്ങളിൽ യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം “ഇൻറിഫാദ” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സെമിറ്റിക് വിരുദ്ധ വാക്യത്തെ അപലപിക്കാനുള്ള പ്രധാന ജൂത സംഘടനകളുടെ അഭ്യർത്ഥന ശ്രദ്ധിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, 1.3 മില്യൺ ജൂതന്മാരുള്ള ഒരു നഗരത്തെ നയിക്കാൻ അദ്ദേഹം യോഗ്യനായിരിക്കില്ല എന്നും വിമർശനം ഉയർന്നിരുന്നു. ഇസ്രായേലിന് പുറത്തുള്ള ഏറ്റവും വലിയ ജൂത ജനസംഖ്യയാണ് ന്യൂയോർക്കിലേത്. എന്നാൽ, ജൂതനും മേയർ സ്ഥാനാർത്ഥിയും ന്യൂയോർക്ക് സിറ്റി കംപ്ട്രോളറുമായ ബ്രാഡ് ലാൻഡർ മംദാനിയെ ന്യായീകരിച്ചിരുന്നു. ന്യൂയോർക്കിലെ ജൂതരെയും അവരുടെ അവകാശങ്ങളെയും മംദാനി സംരക്ഷിക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്നാണ് ലാൻഡർ അഭിപ്രായപ്പെട്ടത്.
ഇറാൻ-ഇസ്രായേൽ യുദ്ധത്തിനിടയിൽ, ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ 2025-ൽ നടന്ന അമേരിക്കൻ ആക്രമണങ്ങളെ മംദാനി അപലപിച്ചിരുന്നു. ലോകത്തെ കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടുന്ന ഇരുണ്ട അധ്യായം എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. വംശീയത, ദേശം, പ്രായം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ ഏർപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാക്കിക്കൊണ്ട് ന്യൂയോർക്ക് ഭരണഘടനയിൽ ഭേദഗതി വരുത്തുന്ന 2024ലെ പ്രൊപ്പോസൽ 1-നെ മംദാനി പിന്തുണച്ചിരുന്നു.
2025 ന്റെ തുടക്കത്തിൽ അദ്ദേഹം സിറിയൻ അമേരിക്കൻ കലാകാരിയായ രാമ ദുവാജിയെ വിവാഹം കഴിച്ച് അസ്റ്റോറിയയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുകയാണ്. ഹിപ്-ഹോപ്പിന്റെ ആരാധകനായ മംദാനി റാപ്പ് സംഗീതം രചിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
സവിശേഷതകളേറെയുള്ള മംദാനിയുടെ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള മുന്നേറ്റത്തിനെതിരെ മുറുമുറുപ്പുകളും എതിർപ്പുകളും ഒട്ടും കുറവല്ല. സിറ്റിയിലെ ഒരു വിഭാഗം ശതകോടീശ്വരന്മാർ പ്രൈമറി തിരഞ്ഞെടുപ്പ് മുതൽക്കേ മംദാനിക്കെതിരാണ്. മംദാനി ഒരു കമ്യൂണിസ്റ്റ് ഭ്രാന്തനാണെന്നാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രാപ് വിശേഷിപ്പിച്ചത്. എന്നാൽ, നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രസ് കമ്മിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ മുഖം എന്നാണ് മംദാനിയെക്കുറിച്ച് പറഞ്ഞത്. ഏതായാലും അമേരിക്കയുടെ മാത്രമല്ല , ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലേക്കാണ്. ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം, ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന പുതുചരിത്രമാണ് ഇവിടെ രചിക്കപ്പെടുന്നത്.
