വാഷിംഗ്ടണ്‍: റഷ്യൻ പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം, വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നുമായുള്ള യുദ്ധം തടയാൻ ശ്രമിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ ട്രംപ് വിചാരിച്ചാല്‍ യുദ്ധം തടയാന്‍ കഴിയില്ലെന്ന് ക്രെംലിന്‍ വ്യക്തമാക്കി.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എല്ലാ പ്രസ്താവനകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ഇന്ന് (വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള തന്റെ സമീപകാല സംഭാഷണത്തിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചപ്പോഴാണ് ഈ പ്രസ്താവന. ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് പുടിനുമായുള്ള ചർച്ചകളിൽ നിന്ന് “ഒരു പുരോഗതിയും” കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് ട്രംപും വ്യക്തമാക്കി.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ആഴ്ച ട്രംപ് ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിൻ “വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്” എന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, വ്യാഴാഴ്ചത്തെ ഫോൺ കോളിന് ശേഷം അദ്ദേഹം മലക്കം മറിഞ്ഞു. “റഷ്യൻ നേതാവ് അത് നിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന അദ്ദേഹത്തിന്റെ മുൻ ശുഭാപ്തിവിശ്വാസമുള്ള പരാമർശങ്ങൾക്ക് വിരുദ്ധമാണ്. ജനുവരിയിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ഉടൻ തന്നെ ഉക്രെയ്നിലെ “രക്തച്ചൊരിച്ചിൽ” ഉടന്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ്, പിന്നീട് ഓരോ പ്രാവശ്യവും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് പുറപ്പെടുവിച്ചുകൊണ്ടിരുന്നത്.
അതേസമയം, ട്രംപിന്റെ അഭിപ്രായങ്ങളോട് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. “തീർച്ചയായും, പ്രസിഡന്റ് ട്രംപിന്റെ എല്ലാ പ്രസ്താവനകളും ഞങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, ട്രംപിന്റെ പരോക്ഷമായ വിമർശനത്തെക്കുറിച്ച് അദ്ദേഹം നേരിട്ട് അഭിപ്രായം പറഞ്ഞില്ല. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ ഉക്രെയ്നിൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് റഷ്യ ഇഷ്ടപ്പെടുന്നതെന്ന് പുടിൻ ട്രംപിനോട് പറഞ്ഞതായി പെസ്കോവ് പറഞ്ഞു. അതുവരെ റഷ്യ അതിന്റെ “പ്രത്യേക സൈനിക നടപടി” തുടരുമെന്നും പുടിന്‍ പറഞ്ഞു.
മെയ്, ജൂൺ മാസങ്ങളിൽ നടന്ന രണ്ട് റൗണ്ട് ചർച്ചകൾക്ക് ശേഷം, ഉക്രെയ്നുമായുള്ള മൂന്നാം റൗണ്ട് സമാധാന ചർച്ചകൾക്ക് തീയതി നിശ്ചയിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായും പെസ്കോവ് പറഞ്ഞു. യുദ്ധം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സമാധാനപരമായ ഒരു പരിഹാരത്തിനായുള്ള റഷ്യയുടെ ശ്രമങ്ങളെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.
