തിരുവനന്തപുരം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി (എംസിഎച്ച്) കാമ്പസിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം തകർന്ന് ജൂലൈ 3 ന് മരിച്ച ബിന്ദുവിന്റെ (52) കുടുംബത്തിന് 10 ലക്ഷം രൂപ എക്സ് ഗ്രേഷ്യ നൽകാൻ വ്യാഴാഴ്ച (ജൂലൈ 10, 2025) കേരള മന്ത്രിസഭ തീരുമാനിച്ചു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും.
ബിന്ദുവിന്റെ മകൻ സിവിൽ എഞ്ചിനീയറായ നവനീതിന് സ്ഥിരം ജോലി നൽകും. ദേവസ്വം ബോർഡിലാണ് ജോലി നൽകുക. തിരുവിതാംകൂർ ദേവസ്വംബോർഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. വീടു നിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു. കുളിക്കാനായി ഉപയോഗശൂന്യമായ കെട്ടിടത്തിലേക്ക് പോവുകയായിരുന്നു ബിന്ദു.
അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയും രംഗത്തെത്തിയിരുന്നു.
