‘ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ യുടെ റീ-എഡിറ്റ് ചെയ്ത പതിപ്പിന് സിബിഎഫ്‌സി അനുമതി നൽകി

ജാനകി വി. v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന മലയാള സിനിമയുടെ റീ-എഡിറ്റ് ചെയ്ത പതിപ്പിന്റെ റിലീസ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) അനുമതി നൽകി.

ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ ഒരു ദേവിയുടെ പേരിൽ വിളിക്കാൻ കഴിയില്ലെന്ന് വാദിച്ച്, സീതയുടെ മറ്റൊരു പേരായ ജാനകിയുടെ പേര് നായികക്ക് നല്‍കിയതിന് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിഷേധിച്ചതിനെ തുടർന്നാണ് നിർമ്മാതാക്കൾ പുതുക്കിയ പതിപ്പ് സമർപ്പിച്ചത്. സിബിഎഫ്‌സി യു/എ സർട്ടിഫിക്കറ്റോടെ സെൻസറിംഗ് ക്ലിയർ ചെയ്തിരുന്നു.

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 17 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള കോടതി സീക്വൻസുകളിൽ ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്യുന്നതടക്കം സിബിഎഫ്‌സി നിർദ്ദേശിച്ച എല്ലാ മാറ്റങ്ങളും വരുത്തിയാണ് പുതിയ പതിപ്പ് പ്രദർശനാനുമതി നേടിയത്. എന്നാൽ, ഇത്തരം ഇടപെടലുകൾ കൊണ്ട് സിനിമയുടെ ആശയമേന്മയ്ക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല എന്ന് പ്രവീൺ നാരായണൻ പറഞ്ഞു. നിരവധി പ്രതിസന്ധികൾ നേരിട്ടപ്പോൾ ഒപ്പം നിന്ന എല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നതായും അദ്ദേഹം പ്രതികരിച്ചു.

സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സിബിഎഫ്‌സിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിർമ്മാണ കമ്പനിയായ കോസ്‌മോസ് എന്റർടൈൻമെന്റ്‌സ് സമർപ്പിച്ച ഹർജി പരിഗണിച്ച കേരള ഹൈക്കോടതി ജഡ്ജി എൻ. നാഗരേഷ്, 2025 ജൂലൈ 5 ന് ഒരു സ്വകാര്യ ഫിലിം സ്റ്റുഡിയോയിൽ വെച്ച് സിനിമ കണ്ടിരുന്നു. ദൈവത്തിന് അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ വാദിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അസാധാരണമായ ഈ തീരുമാനം കോടതി എടുത്തത്. ഹൈക്കോടതി ജഡ്‌ജിയോടൊപ്പം ഇരു വിഭാഗം അഭിഭാഷകരും മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് പ്രതിനിധികളും ഉൾപ്പെടെയായിരുന്നു സിനിമ കണ്ടത്. പേരിലെ ‘ജാനകി’ എന്ന പേരും നായകന്റെയും പേരും മാറ്റാൻ ആവശ്യപ്പെട്ട സിബിഎഫ്‌സിയുടെ റിവൈസിംഗ് കമ്മിറ്റിയെ “സൃഷ്ടിപരമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളി” എന്ന് കോടതി നേരത്തെ വിശേഷിപ്പിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡിൻ്റെ നിര്‍ദേശം അംഗീകരിച്ച് ടൈറ്റിൽ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചതയോടെയാണ് സിനിമ സംബന്ധിച്ച വിവാദങ്ങള്‍ക്ക് അവസാനമായത്. ചിത്രത്തിൻ്റെ പരിഷ്‌കരിച്ച പതിപ്പ് സമർപ്പിക്കുന്ന മുറയ്ക്ക് മൂന്ന് ദിവസത്തിനുള്ളിൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ജൂലൈ ഒന്‍പതിന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. ആദ്യ ഘട്ടത്തിൽ പേര് മാറ്റം അംഗീകരിക്കാതിരുന്ന നിർമാതാക്കളോട് ജാനകി എന്ന പേര് മതപരമായി ബന്ധമുള്ളതല്ലെന്ന് അടികുറിപ്പ് നൽകാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്നാണ് പേര് മാറ്റം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കാമെന്നും മൂന്ന് ദിവസത്തിനുള്ളിൽ പ്രദർശനാനുമതി വേണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സെൻസർ ബോർഡിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഹർജി ഹൈക്കോടതി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.

മതപരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് ചിത്രം വഴിവയ്ക്കുമെന്നും ചിത്രത്തിലെ കോടതി രംഗങ്ങളിൽ ഇതര മതസ്ഥനായ അഭിഭാഷകൻ ബലാൽസംഗത്തിനിരയായ ജാനകി എന്ന കഥാപാത്രത്തോട് ലൈംഗിക ഉത്തേജന മരുന്നുകൾ ഉപയോഗിക്കാറുണ്ടോ തുടങ്ങി അശ്ലീലകരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത് മതസ്പർദ്ധയ്ക്ക് കാരണമാകുമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ സത്യവാങ്മൂലം. കലാപരമായ തീരുമാനങ്ങളെടുക്കാൻ കലാകാരന് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പട്ടാളം ജാനകി , ജാനകി ജാനെ എന്നീ പേരുകളിൽ മലയാളത്തിൽ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും വാദത്തിനിടെ കോടതി പറഞ്ഞിരുന്നു.

നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനുപമ പരമേശ്വരനെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, ദിവ്യപിള്ള എന്നിവരും ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘ജാനകി’ (സീതാദേവിയുടെ മറ്റൊരു പേരാണ്) എന്ന കഥാപാത്രത്തെ ബലാത്സംഗത്തിന് ഇരയായി കാണിക്കുന്നതിനെയും, മറ്റൊരു മതത്തിൽപ്പെട്ട ഒരു അഭിഭാഷകൻ അവളോട് നിരവധി അപമാനകരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനെയും എതിർക്കുന്നുണ്ടെന്ന് സിബിഎഫ്‌സി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ കാരണങ്ങളിൽ ചിലത് ഉദാഹരണങ്ങളാണ്.

 

 

 

 

Leave a Comment

More News