കോഴിക്കോട്: നിരന്തരമായി സാമുദായിക സൗഹാർദ്ദത്തെ വെല്ലുവിളിച്ചുകൊണ്ട്, കള്ളങ്ങൾ പ്രചരിപ്പിച്ച് മുസ്ലിം ജനവിഭാഗത്തെ അപരവത്കരിക്കുന്ന എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾ സംഘപരിവാർന്റെ ധ്രുവീകരണ രാഷ്ട്രീയത്തിന് ഇന്ധനമാണെന്നും, സംസ്ഥാനത്തെ മതനിരപേക്ഷ കക്ഷികൾ ഇക്കാര്യത്തിൽ മൗനം വെടിഞ്ഞ് രംഗത്ത് വരണമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നാടിന്റെ ഭരണകർത്താക്കളെ മതം തിരിച്ച് കാണുകയും കേരളത്തിൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അവർ എല്ലാം പിടിച്ചടക്കുകയാണെന്നും അനർഹമായി എല്ലാം നേടുന്നുവെന്നും ഈഴവ വിഭാഗത്തിന് ഒന്നും ലഭിക്കുന്നില്ലെന്നും പറയുന്ന വെള്ളാപ്പള്ളി ചരിത്രത്തിന്റെയോ തെളിവുകളുടെയോ ഡാറ്റകളുടെയോ പിൻബലമില്ലാതെ വെറും വർഗ്ഗീയ ജ്വരം മൂത്ത് ആർ എസ് എസ്സിന്റെ കളിപ്പാവയായി തുള്ളുകയാണെന്നും മുസ്ലിം സമുദായത്തിന്റെ പിന്നോക്കവസ്ഥ സച്ചാർ കമ്മിറ്റിയും നരേന്ദ്രൻ കമ്മീഷനും പാലോളി കമ്മിറ്റിയും ഉൾപ്പെടെ കണ്ടെത്തിയ കാര്യങ്ങൾ പരിശോധിച്ചാൽ തുറന്ന പുസ്തകം കണക്കെ വ്യക്തമാവുമെന്നും നേതാക്കൾ പറഞ്ഞു.
വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി മെയിൽ അയച്ചെന്നും നേതാക്കൾ വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ, ട്രഷറർ കെ.വി.അമീർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ അഷ്റഫ് പുതുമ, ജെയിൻ ജോസഫ്, ശംഷാദ്.വി, നൗഫൽ തടത്തിൽ, റൈഹാൻ പറക്കാട്ട്, ഷമീർ ബാലുശ്ശേരി,
ഷംസീർ കൈതേരി, സഹീർ കണ്ണൂർ, അബ്ദുൽ സാത്താൻ എന്നിവർ സംസാരിച്ചു.

