കൊച്ചി: ഗോശ്രീ രണ്ടാം പാലത്തിൻ്റെ റീടാറിംഗ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പാലം റീ ടാറിംഗിനായി അടച്ചിട്ടിട്ട് ഒരു മാസമായി. റോഡ് പണി അനന്തമായി നീളുന്നത് മത്സ്യ ബന്ധന ഹാർബർ അടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമാക്കുകയാണ്.
വൈപ്പിൻ പ്രദേശത്ത് നിന്നുള്ള യാത്രക്കാരും, കണ്ടൈനർ റോഡിലൂടെ വരുന്ന യാത്രക്കാരും കൊച്ചി ടൗണിലേക്ക് പ്രവേശിക്കാൻ ആശ്രയിക്കുന്ന പാലത്തിൻ്റെ റീ ടാറിംഗ് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉണ്ടായിട്ടും അറ്റകുറ്റപണി നടത്തുന്നതിന് ഗോശ്രീ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായ കാലതാമസം പ്രതിഷേധാർഹമാണ്. വരും ദിവസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ റീ ടാറിംഗ് പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡൻ്റ് സമദ് നെടുമ്പാശ്ശേരി പ്രസ്താവിച്ചു.
