ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു സി എഫ്) 2025ലെ മുപ്പത്തി ഒന്നാമത് പ്രതിവാര യോഗം ജൂലൈ 27 ന് 4 മണിക്ക് സ്റ്റാഫോർഡ് ഗസൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. റവ.ഡോ.എബ്രഹാം ചാക്കോ മുഖ്യ സന്ദേശം നൽകി.
“വിവിധങ്ങളായ പ്രതികൂല കാലാവസ്ഥകളെ ഒരു പന എപ്രകാരം അതിജീവിക്കുന്നുവോ അപ്രകാരം ഒരു നീതിമാൻ പ്രതിസന്ധികളെ ദൈവത്തിലുള്ള ആഴമായ വിശ്വാസത്താൽ തരണം ചെയ്യുന്നു.
ഒരു നീതിമാൻ തഴച്ചു വളരുന്നതും വാർദ്ധക്യത്തിലും ഫലം കായ്ക്കുന്നതും, വിശ്വാസ സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ആത്മീയ പ്രചോദനങ്ങളിൽ കൂടിയാണെന്നും സങ്കീർത്തനം 92 ന്റെ 12 മുതൽ 14 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം തന്റെ വചന ശുശ്രൂഷയിൽ ഉത്ബോധിപ്പിച്ചു”.
പ്രസിഡണ്ട് മത്തായി കെ മത്തായി അധ്യക്ഷത വഹിച്ച യോഗത്തിൽ മധ്യസ്ഥപ്രാർത്ഥനയ്ക്ക് ജോൺ കുരുവിള നേതൃത്വം നൽകി. എൻ എം മാത്യു പ്രാർത്ഥിച്ചു.
മുഖ്യ സന്ദേശത്തിനുശേഷം അംഗങ്ങൾ സാക്ഷ്യങ്ങൾ നിർവഹിച്ചു. രാജൻ തോമസിൻറെ പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
തദവസരത്തിൽ നാൽപ്പത്തി ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന റവ. ജേക്കബ് ജോർജ്ജ് ,അലിയാമ്മ ജോർജ്ജ് ദമ്പതികൾക്ക് ട്രഷറർ പി ഐ വർഗീസ് വിവാഹ വാർഷിക ആശംസകൾ നേർന്ന് സംസാരിച്ചു.
വിവാഹ വാർഷികത്തോടനുബന്ധിച്ച് റവ.ജേക്കബ് ജോർജ്ജിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ കൊച്ചുമക്കളായ നവോമി, ഏവ, ഐസേയ,എലൈജ, അലിയ, ഗ്രേസ് , ജൂഡ എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു.
മത്തായി കെ മത്തായി സ്വാഗതവും, പി ഐ വർഗീസ് നന്ദിയും അർപ്പിച്ചു. സജി പുല്ലാടിന്റെ നേതൃത്വത്തിലുള്ള യു സി എഫ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
മാത്യു വർഗീസിന്റെ സമാപന പ്രാർത്ഥനയും, റവ. ജേക്കബ് ജോർജിൻറെ ആശിർവാദത്തിനും ശേഷം വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ യോഗം അവസാനിച്ചു.


