അരിസോണയില്‍ മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു; നാല് പേർ വെന്തുമരിച്ചു

അരിസോണ: അരിസോണയില്‍ മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനത്തിന് തീപിടിച്ച് തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നവാജോ നേഷൻ പ്രദേശത്തെ ചിൻലെ വിമാനത്താവളത്തിന് സമീപമാണ് വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ അപകടം നടന്നത്.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചതനുസരിച്ച്, ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിയിൽ നിന്ന് പറന്നുയർന്ന് ചിൻലെയിലെ ഒരു ഗുരുതര രോഗിയെ കൊണ്ടുപോകാൻ അയച്ചതായിരുന്നു ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 300 വിമാനം. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ആരോഗ്യ പ്രവർത്തകരും ഉണ്ടായിരുന്നു. വിമാനം ലാൻഡിംഗിന് മുമ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് തീപിടിച്ചു.

ലാൻഡിംഗിനിടെ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതാണ് അപകടത്തിന് കാരണമെന്ന് നവാജോ പോലീസ് കമാൻഡർ എമ്മെറ്റ് യാസി പറഞ്ഞു. ഉച്ചയ്ക്ക് 12:44 ഓടെ ആകാശത്ത് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ഗോത്ര അധികൃതർ പറഞ്ഞു. തൊട്ടുപിന്നാലെ അത് നിലത്തു വീണു. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്, അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ജനുവരിയിൽ ഫിലാഡൽഫിയയിൽ സമാനമായ ഒരു മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനം തകർന്ന് 8 പേർ കൊല്ലപ്പെട്ടിരുന്നു. വോയ്‌സ് റെക്കോർഡർ കേടായതിനാൽ ആ അപകടത്തിന്റെ കാരണം ഇതുവരെ വെളിപ്പെടുത്താനായിട്ടില്ല. ഇത്തരം പതിവ് സംഭവങ്ങൾ അമേരിക്കയിലെ മെഡിക്കൽ വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

Leave a Comment

More News