കോഴിക്കോട്: മർകസ് സെൻട്രൽ ക്യാമ്പസിലെ റെസിഡൻഷ്യൽ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിൻ വാലിയിലെ 30 വർഷത്തെ പൂർവ വിദ്യാർഥികൾ ഒന്നിക്കുന്ന മെഗാ അലുംനി മീറ്റ് നാളെ(ശനി) നടക്കും. രാവിലെ 11 ന് ആരംഭിക്കുന്ന സംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പേർ സംബന്ധിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സെൻട്രൽ അലുംനി കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകും.
അലുംനി പാർലിമെന്റ്, ഹോണറിങ്, നൊസ്റ്റാൾജിയ, ബാച്ച് സംഗമങ്ങൾ, ഫാമിലി വെൽനെസ്, മർകസ് അനുഭവങ്ങൾ തുടങ്ങിയ വിവിധ സെഷനുകളിലായാണ് മീറ്റ് നടക്കുക. പുതിയ സംഘടനാ വർഷത്തേക്കുള്ള ജാസ്മിൻ വാലി അലുംനി കമ്മിറ്റിയെയും ചടങ്ങിൽ തിരഞ്ഞെടുക്കും. വിഎം റശീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, ശമീം കെകെ, സെൻട്രൽ അലുംനി സെക്രട്ടറി സ്വാദിഖ് കൽപ്പള്ളി, അബ്ദുറഹ്മാൻ കുറ്റിക്കാട്ടൂർ, ഡോ. സാറ ശരീഫ്, ഡോ രിസാലത്ത് കെപി, മുൻകാല അധ്യാപകർ, അലുംനി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
മർകസ് വിഭാവനം ചെയ്യുന്ന സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആദ്യകാലത്തു തന്നെ ആരംഭിച്ച സ്ഥാപനമാണ് ജാസ്മിൻ വാലി. ധാർമികാന്തരീക്ഷത്തിൽ മികച്ച താമസ- പഠനാന്തരീക്ഷം ഒരുക്കുന്ന ഇവിടെ 8-ാം ക്ലാസ് മുതൽ പിജി വരെ മത-ഭൗതിക പഠനവും ആത്മീയ, ജീവിതശൈലി, നൈപുണി, ആർട്സ് പരിശീലനങ്ങളും നൽകിവരുന്നു.
