ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ദുബായ് വഴി ജർമ്മനിയിലേക്ക് പോകാൻ പദ്ധതിയിട്ട ബംഗ്ലാദേശി പൗരനെ വെള്ളിയാഴ്ച കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ താമസിക്കുന്ന ബിഭാസ് റോയ് ആണ് ഇയാളുടെ യഥാർത്ഥ ഐഡന്റിറ്റി എന്ന് വെളിപ്പെടുത്തി. നൂറുകണക്കിന് ബംഗ്ലാദേശികളെ വ്യാജ ഇന്ത്യൻ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ഒരു പ്രധാന പാസ്‌പോർട്ട് റാക്കറ്റുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വാസ്തവത്തിൽ, ദുബായിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ഇമിഗ്രേഷൻ പരിശോധനയ്ക്ക് പോകുമ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പരിശോധന നടത്തിയപ്പോള്‍ കാലഹരണപ്പെട്ട ഒരു ബംഗ്ലാദേശി പാസ്‌പോർട്ട് ഇയാളുടെ ബാഗിൽ നിന്ന് കണ്ടെത്തി, ഇത് ഇയാളുടെ യഥാർത്ഥ പൗരത്വം വെളിപ്പെടുത്തി. ഇതിനുശേഷം, ഇമിഗ്രേഷൻ വകുപ്പ് ഉടൻ തന്നെ വിമാനത്താവള പോലീസിനെ അറിയിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന പോലീസും സംയുക്തമായി ഒരു വലിയ പാസ്‌പോർട്ട് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന സമയത്താണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. ഈ റാക്കറ്റിലൂടെ നൂറുകണക്കിന് ബംഗ്ലാദേശി പൗരന്മാർക്ക് നിയമവിരുദ്ധമായി ഇന്ത്യൻ പൗരത്വ രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ഈ കേസിലെ മുഖ്യ പ്രതിയായ ആസാദ് മുള്ളിക് എന്ന അഹമ്മദ് ഹുസൈൻ ആസാദിനെ ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നു. 2019 ൽ ഇന്ത്യയിൽ പ്രവേശിച്ച ഇയാൾ വ്യാജ ആധാർ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് രേഖകൾ എന്നിവ നിർമ്മിച്ച് തനിക്കും ഏകദേശം 200 ബംഗ്ലാദേശികൾക്കും ഇന്ത്യൻ പാസ്‌പോർട്ടുകൾ നിർമ്മിച്ചു നല്‍കി. ഈ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് അവർക്ക് വിദേശയാത്ര നടത്താൻ കഴിഞ്ഞു.
ആസാദിൽ നിന്ന് 20,000 ത്തിലധികം രേഖകളും പാക്കിസ്താന്‍ പൗരന്മാരുമായുള്ള സംശയാസ്പദമായ വാട്ട്‌സ്ആപ്പ് ചാറ്റുകളും കണ്ടെത്തിയതായും ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ആസാദ് ഒരു പാക്കിസ്താന്‍ ചാരനോ തീവ്രവാദിയോ ആകാമെന്ന് ഏജൻസി കോടതിയെ അറിയിച്ചു.
