കൊച്ചി: പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലയിലാകെ 100 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എം.കെ. ജമാലുദ്ദീൻ അറിയിച്ചു. ജാതിയും മതവും നോക്കി ഇന്ത്യൻ ജനതയുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ്. സംഘപരിവാർ നേതൃത്വത്തിൽ ഭരണകൂടം ഒരു ജനതയുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് മനുവാദ രാഷ്ട്ര സംസ്ഥാപനത്തിനും നിഗൂഢതാല്പര്യങ്ങൾക്കും വേണ്ടിയാണ്. സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയർത്തുന്നതോടൊപ്പം ഇരുന്നൂറിലധികം കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുക്കും. കലൂർ എസ് ആർ എം റോഡിൽ നടക്കുന്ന സ്വാതന്ത്രദിന സദസ്സിൽ ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
