പാലക്കാട് : രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും രക്തസാക്ഷികളാവുകയും ചെയ്ത നമ്മുടെ മുൻഗാമികളുടെ മാതൃക പിൻപറ്റി മോദി സർക്കാറിന്റെ പൗരത്വ നിഷേധ നിലപാടുകൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ രാജ്യത്ത് ഉയർന്നുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ സ്വാതന്ത്ര്യദിന സദസ്സുകളുടെ ഉദ്ഘാടനം പാലക്കാട് പുതുപ്പള്ളി തെരുവിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറയാനും കേള്‍ക്കാനും സുന്ദരമായ സങ്കല്പവും ആശയവുമാണ് ജനാധിപത്യം. ഒരു വിവേചനവുമില്ലാതെ ഓരോരുത്തര്‍ക്കും അവരവരുടെ ആത്മാവിഷ്കാരങ്ങള്‍ സാധ്യമാക്കലാണ് ജനാധിപത്യത്തിന്റെ താല്പര്യം. സ്വപ്നതുല്യമായ സിദ്ധാന്തമെന്നതിനപ്പുറം അനുഭവതലത്തിലേക്ക് ജനാധിപത്യം എത്തുമ്പോള്‍ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭാവിജനാധിപത്യം എന്ന പ്രയോഗം തന്നെ നരവംശ ശാസ്ത്രജ്ഞര്‍ പ്രയോഗിക്കുന്നുണ്ട്. അതായത് സ്വപ്നതുല്യമായ ജനാധിപത്യം ഒരിക്കലും വരില്ല. അത് വരുമെന്ന പ്രതീക്ഷ വാഗ്ദാനമായി എന്നും നിലനില്ക്കും. എന്നും ഭാവിജനാധിപത്യമായി അത് തുടരും. നമ്മുടെ രാജ്യത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അതിന് നല്ല ഉദാഹരണമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായി അറിയപ്പെടുന്നത് നമ്മുടെ നാട്ടിലാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളും സ്ഥാപനങ്ങളും വഴിതന്നെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി,
നഗരസഭ കൗൺസിലർ എം.സുലൈമാൻ പുതുനഗരം ജുമാ മസ്ജിദ് ഇമാം സവാദ് അൽ ഖാസിമി, സാമൂഹിക പ്രവർത്തകൻ ശിവരാജ് ഗോവിന്ദാപുരം, ഡോ:അൻവർദ്ധീൻ, റിയാസ് ഖാലിദ്, റുക്സാന സൈതലവി, എം.കാജാ ഹുസൈൻ എന്നിവർ സംസാരിച്ചു.
