ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചു. വോട്ട് ചോർന്നതായി ആരോപിച്ചതിന് ശേഷം തന്നോട് മാത്രം സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച അദ്ദേഹം ബീഹാർ തിരഞ്ഞെടുപ്പുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു. സസാറാമിൽ “വോട്ടർ അവകാശ യാത്ര” ആരംഭിച്ച വേളയിലാണ് രാഹുൽ ഗാന്ധി ഈ വിഷയം ഉന്നയിച്ചത്.
“വോട്ട് മോഷണത്തെക്കുറിച്ച് ഞാൻ ഒരു പത്രസമ്മേളനം നടത്തിയപ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിജെപി നേതാക്കൾ ഒരു പത്രസമ്മേളനം നടത്തിയപ്പോൾ അവരോട് ഒരു സത്യവാങ്മൂലം പോലും ആവശ്യപ്പെട്ടില്ല. അതേസമയം, ‘നിങ്ങളുടെ ഡാറ്റ ശരിയാണെന്ന് ഒരു സത്യവാങ്മൂലം നൽകുക’ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഈ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. എന്തുകൊണ്ടാണ് എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നത്?,” രാഹുൽ ഗാന്ധി പറഞ്ഞു,
ബീഹാറിലെ സസാറാമിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ 20 ജില്ലകളിലൂടെയുള്ള 1,300 കിലോമീറ്റർ യാത്രയുടെ ഉദ്ഘാടന വേളയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവേ, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “രാജ്യത്തുടനീളമുള്ള നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുകയാണെന്ന് ഞാൻ ഈ വേദിയിൽ നിന്ന് നിങ്ങളോട് പറയുന്നു. ബീഹാറിൽ ഒരു സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടത്തി ഇവിടെയും തിരഞ്ഞെടുപ്പ് മോഷ്ടിക്കുക എന്നതാണ് അവരുടെ പുതിയ ഗൂഢാലോചന. ഇത് സംഭവിക്കാതിരിക്കാൻ നാമെല്ലാവരും ഒത്തുചേർന്നിരിക്കുന്നു” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, പിന്നീട് ബിജെപി വിജയിച്ച പ്രദേശങ്ങളിൽ ഒരു കോടിയോളം വോട്ടർമാർ “മാന്ത്രികമായി” പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെട്ടു. “പുതിയ വോട്ടർമാർ എവിടെയെല്ലാം വന്നോ അവിടെയെല്ലാം ബിജെപിക്ക് വോട്ടുകൾ ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വീഡിയോ തെളിവ് കാണിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയയെ എതിർക്കുന്നു. കാരണം, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇസിയുടെ ഈ സംരംഭം വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. “തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും വോട്ടുകൾ മോഷ്ടിക്കാൻ നടത്തുന്ന ഏതൊരു ശ്രമത്തെയും ഞങ്ങൾ പിടികൂടി തുറന്നുകാട്ടും. ആറ് വ്യവസായികളുടെ നേട്ടത്തിനായി മാത്രമാണ് രാജ്യത്തിന്റെ വിഭവങ്ങൾ ചെലവഴിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
