(എറണാകുളം-അങ്കമാലി അതിരൂപത അല്മായ സിനഡ് സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അല്മായ സിനഡിൻറെ ലക്ഷ്യങ്ങൾ എൻറെ വീക്ഷണത്തിൽ)
ലോകമെമ്പാടുമുള്ള സീറോ മലബാർ അല്മായരും എറണാകുളം-അങ്കമാലി അതിരൂപത അല്മായ സിനഡിൻറെ ഉപദേശക സമതി അംഗങ്ങളും ശ്രദ്ധാപൂർവം വായിക്കുന്നതിനും മനനം ചെയ്യുന്നതിനും വേണ്ടിയാണ് ഈ ലേഖനം ഞാൻ പ്രസിദ്ധീകരിക്കുന്നത്. മെയ് 12, 2021-ൽ കെസിആർഎം നോർത്ത് അമേരിക്ക (KCRMNA) അല്മായ സിനഡിനെ സംബന്ധിച്ച് ദീർഘമായ ചർച്ചകൾ നടത്തുകയുണ്ടായി (‘സത്യജ്വാല’ Vol 8 Issue 12 / June-July 2021, മുഖക്കുറി കാണുക). അതിൻറെ വെളിച്ചത്തിൽ, അല്മായ സിനഡിൻറെ ആദ്യകാല പ്രവർത്തന വേളയിൽത്തന്നെ അതിൻറെ ലക്ഷ്യമെന്താണെന്ന് നാം വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ചുരുക്കം ചില കാര്യങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തട്ടെ.
ആദ്യമായിത്തന്നെ പറയട്ടെ, അല്മായ സിനഡ് മറ്റു സിനഡുകളെപ്പോലെ ഒരു സംഘടനയല്ല; അതൊരു കൂട്ടായ്മയാണ്. മെത്രാന്മാരുടെ വിവിധങ്ങളായ സിനഡുകൾ സംഘടനകളല്ല; മറിച്ച്, മെത്രാൻ സംഘത്തിൻറെ കൂട്ടായ്മയും നിയമനിർമാണ (legislative) ബോഡിയുമാണ്. അതുപോലെ അല്മായ സിനഡ് അല്മായരേയും സഭയേയും ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന ഒരു ബോഡിയായി പ്രവർത്തിക്കണം.
നസ്രാണി സഭയുടെ ചരിത്രവും അത് നമ്മെ പഠിപ്പിക്കുന്നു. ഷെവലിയർ വി. സി. ജോർജ് എഴുതിയ ‘നിധീരിക്കൽ മാനികത്തനാർ’ എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതിപ്രകാരമാണ്: 1877-ൽ സ്ഥാപിതമായ കോട്ടയം വികാരിയാത്തിൻറെ പ്രഥമ വികാരി അപ്പസ്തതോലിക്ക ചാൾസ് ലവീഞ്ഞ് മെത്രാൻ, ഇടവക പള്ളിവരുമാനത്തിൻറെ 25% മെത്രാന് പത്രമേനിയായി നൽകണമെന്ന് ആവശ്യപ്പെട്ടു. പാലാ, കുറവിലങ്ങാട് തുടങ്ങിയ കിഴക്കൻ പ്രദേശത്തു നിന്നുമുള്ള ഒട്ടുവളരെ പള്ളിനേതാക്കൾ മെത്രാനച്ചൻറെ പത്രമേനി സംബന്ധിച്ച് പാലായിൽവെച്ചുനടന്ന അല്മായ യോഗത്തിൽ (lay synod) പങ്കെടുത്തു. മെത്രാനച്ചൻ ആവശ്യപ്പെട്ട പത്രമേനി നൽകേണ്ട എന്ന് ആ യോഗം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ഇന്ന് മെത്രാൻ കല്പിക്കുന്നു.
വികാരിയും കുഞ്ഞാടുകളും അതനുസരിക്കുന്നു!
അല്മായ സിനഡ് രൂപീകരണത്തിൻറെ പരമപ്രധാനമായ ലക്ഷ്യം വൈദിക-സന്യസ്ത-അല്മായ പ്രതിനിധികൾക്കും മേല്പട്ടക്കാർക്കൊപ്പം തുല്യമായ ഒട്ടവകാശത്തോടുകൂടിയ സഭാ സിനഡ് രൂപീകരിച്ചു പ്രവർത്തിക്കുന്നതിന് മെത്രാന്മാരിൽ സമ്മർദ്ദം ചെലുത്തുക എന്നതായിരിക്കണം. ഈ വിഷയത്തിൽ അല്മായരുടെ പക്ഷത്തുനിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല.
ഏതാനും വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവമാണല്ലോ ജർമൻ കർദിനാൾ റെയിനാർഡ് മർക്സ് (Cardinal Reinhard Marx) കർദിനാൾ പദവി രാജിവെച്ചതും പോപ്പ് ഫ്രാൻസിസ് ആ രാജി സ്വീകരിക്കാതെ നിരസിച്ചതും. സഭയിൽ നവീകരണം തുടരണം എന്നതിൻറെ സൂചനയാണ് രാജി നിരസിക്കൽകൊണ്ട് പോപ്പ് ഫ്രാൻസിസ് ഉദ്ദേശിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. ഈ അവസരത്തിൽ ജർമൻ കത്തോലിക്ക സഭയിലെ സുപ്രീം സിനഡൽ അസംബ്ലിയെപ്പറ്റി പഠിക്കുന്നത് ഉചിതമാണ്. ആ അസ്സംബ്ലിയിൽ മൊത്തം 230 അംഗങ്ങളാണുള്ളത്. മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, സഹായമെത്രാന്മാർ, ജർമൻ കത്തോലിക്കരുടെ സെൻട്രൽ കമ്മിറ്റിയിൽനിന്നും തെരെഞ്ഞെടുക്കപ്പെടുന്ന അല്മായർ, സന്ന്യസ്ത പ്രതിനിധികൾ, മറ്റു സഭാ ഗ്രൂപ്പുകളിലെ തെരെഞ്ഞെടുക്കപ്പെടുന്നവർ എല്ലാം കൂടിയതാണ് സിനഡൽ അസംബ്ലി. ആ അസംബ്ലിയാണ് ജർമൻ കത്തോലിക്ക സഭയെ സംബന്ധിച്ച ഏറ്റവും ഉയർന്ന തീരുമാനങ്ങൾ എടുക്കുന്നത്. ഉദാഹരണമായി പറഞ്ഞാൽ സഭയിലെ അധികാരം, ലൈംഗിക സദാചാരം, പുരോഹിതരുടെ പങ്ക്, സഭയിൽ സ്ത്രീകളുടെ സ്ഥാനം തുടങ്ങിയ പ്രധാന വിഷയങ്ങളിലെ തീരുമാനങ്ങൾ സിനഡൽ അസംബ്ലിയാണ് കൈക്കൊള്ളുന്നത്. ജർമൻ സഭ പാശ്ചാത്യ ലത്തീൻ സഭയാണ്. ലത്തീൻ കാനോൻ നിയമമാണ് അവർക്ക് ബാധകം. എന്നിരുന്നാൽപോലും ജർമൻ കത്തോലിക്ക സഭയുടെ സിനഡൽ അസംബ്ലി മെത്രാന്മാരോടൊപ്പം സഭാ പൗരരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വളരെ ജനായത്തപരമാണ് എന്നുള്ളത് നമ്മെ വിസ്മയിപ്പിക്കുകയും അതേസമയം നമ്മുടെ കണ്ണുകൾ തുറപ്പിക്കുകയും ചെയ്യേണ്ടതാണ്.
ഓരോ സഭയ്ക്കും അതിൻറ്റേതായ ഭരണനിയമം ആവശ്യമാണെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാൻ ഇടയില്ല. സീറോ മലബാർ സഭയുടെ ഭരണനിയമം ഇപ്പോൾ പൗരസ്ത്യ കാനോൻ നിയമമാണ്. മാർതോമ നസ്രാണി സഭയിലെ പൂർവകാല പാരമ്പര്യങ്ങളുടെ നാരായവേരറക്കുന്ന പൗരസ്ത്യ കാനോൻ നിയമം നമ്മുടെമേൽ അടിച്ചേൽപ്പിച്ച മെത്രാന്മാരോട് പൂർവകാല തലമുറകളും ഈ തലമുറയും വരും തലമുറകളും മാപ്പു നൽകുകയില്ല. കാരണം, മുൻതലമുറകളിലെ സഭാഭിമാനികളായ നേതാക്കന്മാർ എന്തിനുവേണ്ടി പോരാടിയോ അവയെല്ലാം നശിപ്പിച്ച് തങ്ങളുടെ രാജാധികാരം സ്ഥാപിക്കുന്നതിനു വേണ്ടി പൗരസ്ത്യ കാനോൻ നിയമത്തെ അടിമകളെപ്പോലെ ഏറ്റുവാങ്ങിയ ഈ തലമുറയിലെ മെത്രാന്മാർ സഭാപൗരരെ മൊത്തം അപമാനിക്കുകയായിരുന്നു. മുൻതലമുറകൾ സമൂഹത്തിനുവേണ്ടി സമ്പാദിച്ച പള്ളിസ്വത്തുക്കളും സ്ഥാപനങ്ങളും കാനോൻ നിയമത്തിലൂടെ മെത്രാന്മാർ പിടിച്ചെടുക്കുകയായിരുന്നു. സഭാഭരണ പാരമ്പര്യങ്ങളെക്കുറിച്ച്, നസ്രാണിസഭയുടെ തനിമയെക്കുറിച്ച് എല്ലാം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന മെത്രാന്മാരും വൈദികരും മിർ ജാഫർമാരായി മാറി.
കേരളത്തിലെ മാർതോമ ക്രിസ്ത്യാനികൾ റോമൻ പൗരസ്ത്യ സഭകളിൽ ഉൾപ്പെട്ടവരല്ല. നസ്രാണിസഭ ഒരു അപ്പോസ്തലിക സഭയാണ്. റോമാ സാമ്രാജ്യത്തിൻറെ അതിർത്തിക്കുപുറത്ത് യേശു അപ്പോസ്തലനാൽ സ്ഥാപിക്കപ്പെട്ട ഏകസഭ ഭാരത സഭയാണ്.
ഭാരതസഭയുടെ പാരമ്പര്യമനുസരിച്ച് സഭയെന്നാൽ വിശ്വാസികളുടെ കൂട്ടായ്മയാണ്. ഇടവകകളുടെ സംഘമാണ് രൂപതാ ഭരണതലം. സമ്പത്തിൻറെ ഉടമസ്ഥാവകാശം അല്മായർക്കാണ്. റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ സഭയെന്നാൽ മാർപാപ്പയും മെത്രാന്മാരും വൈദികരും എന്ന വികല കാഴ്ചപ്പാടാണ്. റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ ഉൾപ്പെടാത്ത മാർതോമ നസ്രാണി കത്തോലിക്ക സഭയുടെ സമ്പത്തിൻറെ ഉടമസ്ഥാവകാശം അല്മായർക്കാണ്. കേരളസഭയിലെ പള്ളിഭരണം തികച്ചും അല്മായ പങ്കാളിത്തത്തോടെയാണ് നിർവഹിച്ചിരുന്നത്. അതിനായി പല തട്ടിലുള്ള പള്ളിയോഗങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഇടവക പള്ളിയോഗം കേവലം ഒരു ഉപദേശക സമതിയാണ്. ഇടവകയോഗത്തെ പിരിച്ചുവിടാനും അംഗങ്ങളെ അയോഗ്യരാക്കാനുമുള്ള മെത്രാൻറെ അധികാരങ്ങൾ മാർതോമ ക്രിസ്ത്യാനികളുടെ വിശുദ്ധ പാരമ്പര്യത്തിനു വിരുദ്ധമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്ത സ്വയം ഭരണാധികാരം മെത്രാന്മാർക്കുമാത്രല്ല. മറിച്ച്, അത് സഭയുടെ ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമാണ്. മാർതോമ ക്രിസ്ത്യാനികളുടെ സഭാഭരണ പാരമ്പര്യം പള്ളിയോഗങ്ങളും സഭയ്ക്ക് മൊത്തത്തിൽ മഹായോഗവും അഥവ സഭാസിനഡുമായിരുന്നു. 1599-ലെ ഉദയമ്പേരൂർ സൂനഹദോസ് അതിനുദാഹരണമാണ്. ആയതിനാൽ സീറോ മലബാർ കത്തോലിക്ക അല്മായ സിനഡിൻറെ ലക്ഷ്യം മെത്രാന്മാരും വൈദിക പ്രതിനിധികളും സന്ന്യസ്ത പ്രതിനിധികളും അല്മായപ്രതിനിധികളും അടങ്ങുന്ന സഭാസിനഡ് സ്ഥാപിച്ചെടുക്കുക എന്നതായിരിക്കണം. സഭാഭരണത്തിന് ജർമൻ സഭയിലെപ്പോലെ ഒരു സുപ്രീം സിനഡൽ അസംബ്ലി സ്ഥാപിക്കാൻ സാധിച്ചാൽ ഇന്ന് രൂപതകളിൽ നടക്കുന്ന സാമ്പത്തിക അഴിമതികൾക്കും പുരോഹിത ലൈംഗിക അവമതികൾക്കും പൗരോഹിത്യ വാദത്തിനും (clericalism) ഒരു പരുധിവരെ അറുതിയുണ്ടാകും. ജനായത്തപരമായ പൂർവസഭാഭരണ സമ്പ്രദായത്തെ വീണ്ടെടുക്കാനും സാധിക്കും.
സന്തുഷ്ടരായ അടിമകളാണ് സ്വാതന്ത്ര്യത്തിൻറെ ഏറ്റവും വലിയ ശത്രുക്കൾ എന്നുനാം തിരിച്ചറിയണം.
