ബലാത്സംഗ കേസിൽ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ റാപ്പർ വേടനെതിരെ വീണ്ടും പുതിയ പരാതികളുമായി യുവതികള്‍ രംഗത്ത്

കൊച്ചി: ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ, റാപ്പർ വേടനെതിരെ പുതിയ പരാതികളുമായി രണ്ട് യുവതികള്‍. ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കാന്‍ അനുവാദം തേടി. അവരുടെ കൂടിക്കാഴ്ച ഉടൻ നടക്കാൻ സാധ്യതയുണ്ട്.

ദലിത് സംഗീതത്തെക്കുറിച്ച് ഗവേഷണം നടത്താൻ വേടന്‍ ഒരു യുവതിയെ കൊച്ചിയിലേക്ക് വിളിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് ആദ്യത്തെ പരാതി. തന്റെ സംഗീത പരിപാടികളിലൂടെ യുവതികളെ ആകർഷിക്കുകയും അവരുമായി ബന്ധം സ്ഥാപിക്കുകയും തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് രണ്ടാമത്തെ സ്ത്രീ ആരോപിക്കുന്നു.

2020 നും 2021 നും ഇടയിലാണ് ഈ സംഭവങ്ങൾ നടന്നത്. അതേസമയം, ആ സമയത്ത് രണ്ട് യുവതികളും വേടനെതിരെ മീ ടൂ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും പരാതികൾ ഉയരുന്നതോടെ കേസ് പുതിയൊരു തലത്തിലേക്ക് മാറുകയാണ്. മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന ഇതോടെ കൂടുതൽ സങ്കീര്‍ണ്ണമാകാനാണ് സാധ്യത. ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കുന്നതിനാൽ പുതിയ പരാതികൾ കേസ് കൂടുതൽ കടുപ്പമേറിയതാക്കുന്നുവെന്ന് നിയമവിദഗ്ധർ പറയുന്നു.

‘ഉഭയസമ്മതപ്രകാരമുള്ള ബന്ധം എങ്ങനെ ബലാത്സംഗമാകും?’; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി 

അതിനിടെ, യുവ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്. നാളെ ഹർജി വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതിയുടെ നിർദേശം.

വേടനെതിരെ കേരളത്തിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ പരാതികളുണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. ‘മീ ടൂ’ സമയത്ത് വേടനെതിരെ നിരവധി ലൈംഗിക ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സമൂഹമാധ്യമത്തിൽ ഇത് സംബന്ധിച്ച് വേടൻ ക്ഷമാപണം നടത്തിയെന്നും പരാതിക്കാരി വാദിച്ചു. എന്നാൽ, ബന്ധത്തിൽ അകല്‍ച്ചയുണ്ടാകുമ്പോള്‍ അതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്നും കോടതി ചോദിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടേത് എന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ മാത്രം അവലംബിക്കാൻ കഴിയില്ലെന്നും ഓർമിപ്പിച്ചു. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്.

 

Leave a Comment

More News