കനത്ത മഴ: മുംബൈ മോണോറെയിൽ ട്രാക്കിൽ കുടുങ്ങി

മുംബൈ: ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം മുംബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ചെമ്പൂരിനും ഭക്തി പാർക്കിനും ഇടയിലുള്ള എലിവേറ്റഡ് ട്രാക്കിൽ ഒരു മോണോറെയിൽ ട്രെയിൻ ട്രാക്കില്‍ കുടുങ്ങി. ഏകദേശം 100 യാത്രക്കാരാണ് ഒരു മണിക്കൂറിലധികം എലിവേറ്റഡ് ട്രാക്കിൽ കുടുങ്ങിയത്. വൈദ്യുതി വിതരണത്തിലെ ചെറിയ തകരാർ മൂലമാണ് ഈ സംഭവം നടന്നതെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) അറിയിച്ചു.

സംഭവം റിപ്പോർട്ട് ചെയ്തയുടൻ മുംബൈ അഗ്നിശമന സേന ഉടൻ തന്നെ നടപടി ആരംഭിച്ചു. മൂന്ന് സ്നോർക്കൽ വാഹനങ്ങളുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ യാത്രക്കാർ ഉടൻ തന്നെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഹെൽപ്പ് ലൈൻ നമ്പറായ 1916-ൽ ബന്ധപ്പെട്ടു. തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി. എന്നാല്‍, രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ്, ഭയന്നുപോയ ചില യാത്രക്കാർ ട്രെയിനിന്റെ ജനാലകൾ തകർക്കാൻ ശ്രമിച്ചു, അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിക്കുകയും യാത്രക്കാരോട് ക്ഷമയോടെയിരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ അദ്ദേഹം എഴുതി, “എല്ലാവരും ക്ഷമയോടെയിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എംഎംആർഡിഎ കമ്മീഷണർ, മുനിസിപ്പൽ കമ്മീഷണർ, പോലീസ്, ബന്ധപ്പെട്ട എല്ലാ ഏജൻസികൾ എന്നിവരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിക്കും.” എല്ലാ “യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന്” അദ്ദേഹം ഉറപ്പ് നൽകി.

കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയിൽ തുടർച്ചയായി മഴ പെയ്യുന്ന സമയത്താണ് ഈ സംഭവം നടന്നത്. കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. വെള്ളത്തിൽ മുങ്ങിയ റോഡുകളിലൂടെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ആളുകൾ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യം മുംബൈയ്ക്ക് മഴക്കാലത്തിന്റെ വെല്ലുവിളികളെ വീണ്ടും എടുത്തുകാണിക്കുന്നു.

Leave a Comment

More News