
ദോഹ : ഇന്ത്യയിലെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകിയ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടം ഉണ്ടാവണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത ടേബിൾ ടോക്ക് നുഐജയിലെ പ്രവാസി ഹാളിലാണ് നടന്നത്.
പൗരാവകാശം പോലും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും അത്തരമൊരു ദൗത്യനിര്‍വ്വഹണത്തിനായി മുന്നിട്ടിറങ്ങിയ ഇന്ത്യൻ പാർലമെന്റ് പ്രതിപക്ഷ നേതാവിനൊപ്പം ഓരോ പൗരനും അണിചേരണമെന്നും ‘പൗരാവകാശം ഇന്ത്യന്‍ ജനാധിപത്യം’ ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം പൊരുതി നേടിയതാണ്. ഗാന്ധിജി വിഭാവനം ചെയ്ത പേടിയില്ലാതെ തൊഴില്‍ ചെയ്യാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ലഭ്യമാവണം. ഏത് മേഖലയില്‍ അത് നഷ്ടപ്പെട്ടാലും ചോദ്യം ചെയ്യപ്പെടണം. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ പാലിക്കപ്പെടണം. കോടിക്കണക്കിനു ആളുകള്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ വഴിയില്ലാതെ ജീവിക്കുന്ന രാജ്യത്തെ സാമൂഹികക്രമം പരിവര്‍ത്തിപ്പിക്കാന്‍ ഇത്രയും കാലമായിട്ടും സാധിക്കാതെ വന്നതിനാലാണ് അടിസ്ഥാന വര്‍ഗ്ഗത്തെ ഇന്നും ചൂഷണം ചെയ്യാന്‍ സാധിക്കുന്നത്. ഡിജിറ്റലായി എന്ന് കൊട്ടിഘോഷിക്കുന്ന ഇന്ത്യയിലാണ് വോട്ടേര്‍സ് ലിസ്റ്റ് ഡിജിറ്റലായി ലഭ്യമല്ലാത്തതെന്നത് വിരോധാഭാസമാണ്. സിസ്റ്റം കാര്യക്ഷമമാവുകയും നിയമങ്ങള്‍ പാലിക്കപ്പെടുകയും നീതിന്യായ വ്യവസ്ഥ സംശയത്തിനതീതമായി കുറ്റമറ്റതാവുകയും വേണം. ശക്തമായ ജനരോഷങ്ങള്‍ കൊണ്ടേ ഇലക്ഷന്‍ കമ്മീഷനെ ഉപയോഗിച്ച് നടക്കുന്ന വോട്ടര്‍പട്ടിക പുതുക്കലിന്റെ പേരിലുള്ള ജനങ്ങളെ പുറം തള്ളലുകള്‍ തടയാനാകൂ. സമൂഹത്തെ വിഭജിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയും സ്വതന്ത്ര സ്ഥാപനങ്ങളെ തളർത്തിയും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയും ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ സങ്കുചിത സ്വേച്ഛാധിപത്യമാക്കി മാറ്റാൻ നടക്കുന്ന നീക്കങ്ങളെ മത നിരപേക്ഷകക്ഷികള്‍ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്പിക്കണമെന്നും ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു.
പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് സെക്രട്ടറി അഷറഫ് നന്നമുക്ക്, കെ.എം.സി.സി അല്‍ഖോര്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ചെമ്പന്‍, പ്രവാസി കോഡിനേഷന്‍ കമ്മറ്റി കന്‍വീനര്‍ മഷ്ഹൂദ് തിരുത്തിയാട്, യൂത്ത്ഫോറം പ്രസിഡണ്ട് ബിന്‍ഷാദ് പുനത്തില്‍, വണ്‍ ഇന്ത്യ കോഡിനേറ്റര്‍ ഷാജി ഫ്രാന്‍സിസ് പ്രവാസി വെല്‍ഫയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദലി തുടങ്ങിയവര്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു. നജീ കൊല്ലം, അയ്യൂബ് പെരുമാതുറ, അനീസ് മലപ്പുറം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള മോഡറേറ്ററായിരുന്നു. മഖ്ബൂല്‍ അഹമ്മദ് നന്ദി പറഞ്ഞു
Video link: https://we.tl/t-
