സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നവീകരിച്ച സയൻസ് ലാബും സമർപ്പിക്കും
കോഴിക്കോട്: പൊതുവിദ്യാഭ്യാസ മികവിന്റെ ഭാഗമായി വിവിധ മർകസ് സ്കൂളുകളിൽ നിർമിച്ച അഡ്മിനിട്രേറ്റീവ് ബ്ലോക്കുകളുടെയും നവീകരിച്ച സയൻസ് ലാബിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാളെ(വെള്ളി) നിർവഹിക്കും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കാരന്തൂരിലെ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് എന്നിവയാണ് നാളെ രാവിലെ ഒമ്പതിന് കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന ‘എഡ്യുഫേസി’ൽ മന്ത്രി സമർപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ മികവിന് സവിശേഷ ശ്രദ്ധ നൽകിയാണ് മർകസ് മാനേജ്‌മെന്റ് മേൽ പദ്ധതികൾ സാക്ഷാത്കരിച്ചത്.
ഉദ്ഘാടന ചടങ്ങിൽ നോളേജ്‌സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശം നൽകും. ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി, മർകസ് എഡ്യൂക്കേഷൻ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, പ്രിൻസിപ്പൽമാരായ ഫിറോസ് ബാബു കെ എം, അബ്ദുൽ നാസർ കെ, മൂസക്കോയ എം, മുഹ്‌സിൻ അലി, ഹെഡ് മാസ്റ്റർമാരായ നിയാസ് ചോല, എ ആഇശ ബീവി, പി മുഹമ്മദ് ബശീർ, അബ്ദുന്നാസർ പി, പിടിഎ പ്രസിഡന്റുമാരായ ഷമീം കെകെ, ബെന്നി അബ്രഹാം, എൻ എം ശംസുദ്ദീൻ ചടങ്ങിൽ സംബന്ധിക്കും.
