ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, പന്തളം ബാലൻ, വാരനാട്‌, ജോസ് കുന്നേൽ എന്നിവർക്കു ആദരം

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ഘടകം സംഘടിപ്പിച്ച 79 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രശസ്ത മലയാളം പിന്നണി ഗായകൻ പന്തളം ബാലൻ, സുനീഷ് വാരനാട്‌, അറ്റോർണി ജോസ് കുന്നേൽ എന്നിവർക്കു ആദരവ് അർപ്പിക്കുകയുണ്ടായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിക്കു പൊന്നാട അണിയിക്കുകയും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ഫലകം സമ്മാനിക്കുകയും ചെയ്തു.

കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ എതിരാളിയെ 40438 വോട്ടിന് പരാജയപ്പെടുത്തി കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2024-ലാകട്ടെ 1,01,523 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് വിജയം കൈവരിച്ചത്.പൊതുസംവാദങ്ങളിലും ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ.

നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലൻ ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയക്കുവേണ്ടി ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ ശ്രീ പന്തളം ബാലന് പൊന്നാട അണിയിക്കുകയും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഫലകം സമ്മാനിക്കുകയും ചെയ്തു.

കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് സുനീഷ് വാരനാട്. ഗോഡ് ഫാദർ, റാംജി റാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും, ബഡായി ബംഗ്ലാവ്, പൊളിട്രിക്‌സ് ഉൾപ്പെടെയുള്ള നിരവധി ടെലിവിഷൻ ഷോകളിൽ സ്ക്രിപ്റ്റ് റൈറ്റർ ആയും ശോഭിച്ചിട്ടുള്ള അദ്ദേഹം മികച്ച സ്റ്റാൻഡ് അപ്പ് കോമേഡിയനായി ജനപ്രീതി നേടിയിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയക്കുവേണ്ടിവൈസ് പ്രെസിഡൻറ്റ് കുരിയൻ രാജൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.

പെൺസിൽവാനിയയിലെ പ്രശസ്ത അറ്റോർണി ആയ ജോസ് കുന്നേൽ മികച്ച അഭിഭാഷകനും നിരവിധി പ്രസ്ഥാനങ്ങളുടെ സപ്പോർട്ടറും ആണ്. ഫിലിപ്പോസ് ചെറിയാൻ അദ്ദേഹത്തിനുവേണ്ടി ഫലകം ഏറ്റു വാങ്ങി.

പരിപാടിയോടനുബന്ധിച്ചു പൊതുജനങ്ങൾക്ക് വേണ്ടി നടന്ന നറുക്കെടുപ്പിൽ സമ്മാനങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി വിതരണം ചെയ്തു. ഒന്നാം സമ്മാനമായി ഗ്ലോബൽ ട്രാവൽസ് സ്പോൺസർ ചെയ്ത ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് വറുഗീസ് ഇലഞ്ഞിമറ്റത്തിനു ലഭിച്ചു. പെപ്പെർ പാലസ് സ്പോസർ ചെയ്ത രണ്ടാം സമ്മാനം നൈനാൻ മത്തായിക്കും, അലക്സ് തോമസ് ന്യൂയോർക് ലൈഫ് സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം മനോജ് ലാമണ്ണിലിനുമാണ് ലഭിച്ചത്.

Leave a Comment

More News