പാലക്കാട്: മധ്യവയസ്‌കനായ ആദിവാസിയെ മുറിയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചതായി പരാതി. പാലക്കാട് മുതലമടയിലാണ് ക്രൂരമായ സംഭവം നടന്നത്. മുതലമട മൂച്ചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന മധ്യവയസ്‌കനാണ് മര്‍ദ്ദനമേറ്റത്. മുതലമടയിലെ ഊർക്കുളം വനമേഖലയിലെ ഒരു ഫാം സ്റ്റേയിലെ ജീവനക്കാരനാണ് സംഭവം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
പട്ടിണി കിടന്ന് തളർന്നുപോയ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് ദിവസമായി അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടതായി പരാതിയിൽ പറയുന്നു. മുതലമട പഞ്ചായത്ത് അംഗം കൽപ്പന ദേവിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നാട്ടുകാരും പോലീസും ചേർന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്.
കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വെള്ളയൻ ഫാം സ്റ്റേയിലും മറ്റും ജോലിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ടെത്തിയ കുപ്പിയിൽ നിന്ന് മദ്യം കുടിച്ചതിനാലാണ് വെള്ളയനെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. ഫാം സ്റ്റേ ജീവനക്കാരൻ മദ്യപിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തു. തുടർന്ന് വെള്ളയനെ മർദിച്ച് ഒരു മുറിയിൽ പൂട്ടിയിട്ടു.
മൂത്രമൊഴിക്കാൻ പോലും കഴിയാതെ ആറ് ദിവസത്തോളം വെള്ളയനെ മുറിയിൽ പൂട്ടിയിട്ടു. ഭക്ഷണമോ വെള്ളമോ നൽകാതെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. വാതിൽ തകർത്ത് അകത്തുകടന്നാണ് വെള്ളയനെ രക്ഷിച്ചതെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു. പോലീസ് കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി വെള്ളയന്റെ മൊഴി രേഖപ്പെടുത്തി.
