ന്യൂഡൽഹി: വധശിക്ഷ കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടനാ സ്ഥാപകനുമായ ഡോ. കെഎ പോളാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ ഇന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
നിമിഷ പ്രിയയെ ആഗസ്റ്റ് 24നോ 25നോ തൂക്കിലേറ്റുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കെ.എ. പോൾ കോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ അപേക്ഷ പ്രകാരമാണ് കോടതിയെ സമീപിച്ചതെന്ന് പോൾ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം ഉൾപ്പെടുന്നതിനാൽ കേസ് സെൻസിറ്റീവ് ആണ്, തെറ്റായ വിവരങ്ങൾ അവരുടെ ജീവൻ രക്ഷിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബാധിച്ചേക്കാം. ഇരയുടെ കുടുംബവുമായും ഹൂതി നേതാക്കളുമായും കേസിനെക്കുറിച്ച് സംസാരിച്ചതായി കെഎ പോൾ പറഞ്ഞു.
രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് അവരെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുക, നിമിഷ പ്രിയ ആക്ഷന്‍ കൗൺസിലിന്റെ നിയമ ഉപദേഷ്ടാവ് സുഭാഷ് ചന്ദ്രനും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും തമ്മിലുള്ള ചർച്ച താൽക്കാലികമായി നിർത്തിവയ്ക്കുക എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
കേസിൽ പൂർണമായ ഒരു ഗ്യാഗ് ഉത്തരവ് ഉണ്ടാകണമെന്നും അല്ലെങ്കിൽ സർക്കാരിന് മാത്രമേ ഇതിനെക്കുറിച്ച് സംസാരിക്കാൻ അനുവാദം നൽകാവൂ എന്നും ഹർജിക്കാരൻ പറയുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും കേസിനെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചില വ്യക്തികൾ തെറ്റായ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും അത് കോടതി തടയണമെന്ന് നിമിഷ പ്രിയയാണ് ആവശ്യപ്പെട്ടതെന്നും പോള്‍ അവകാശപ്പെട്ടു.
ഹർജി പരിഗണിച്ച സുപ്രീം കോടതി അറ്റോർണി ജനറലിന് നോട്ടീസ് അയച്ചു. അടുത്ത വാദം ഓഗസ്റ്റ് 25 ലേക്ക് മാറ്റുകയും ചെയ്തു. സേവ് നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷന്‍ കൗൺസിൽ എന്ന സംഘടന സമർപ്പിച്ച സമാനമായ മറ്റൊരു ഹർജിയുമായി ഈ കേസും സംയോജിപ്പിക്കുമെന്ന് ജഡ്ജിമാർ പറഞ്ഞു.
വർഷങ്ങളായി താൻ യെമനിൽ ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് പോൾ പറഞ്ഞു. കെ.എ. പോൾ നേരത്തെ നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ പണം സ്വരൂപിച്ചിരുന്നു. അത് വിദേശകാര്യ മന്ത്രാലയം തടയുകയും ചെയ്തിരുന്നു.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് ഒരു ക്ലിനിക്ക് തുടങ്ങാനും തീരുമാനിക്കുകയും ചെയ്തു.
യെമനില്‍ ക്ലിനിക് തുടങ്ങണമെങ്കില്‍ ഒരു യെമന്‍ പൗരന്റെ മേല്‍വിലാസത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് വിജയിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.
ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. നിമിഷപ്രിയയുടെ പാസ്പോര്‍ട്ട് മഹ്ദി കൈക്കലാക്കിയെന്നു മാത്രമല്ല കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണവും തട്ടിയെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്കിയ നിമിഷപ്രിയയെ മഹ്ദി ദേഹോപദ്രവം ഏല്പിക്കാന് തുടങ്ങി. ജീവന് അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന് എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. തുടര്‍ന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
