വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കെ.എം. ബഷീർ സ്മാരക പ്രഭാഷണം സെപ്റ്റംബർ 1 ന്; ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ പ്രഭാഷകൻ

ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ

തിരുവനന്തപുരം: പ്രശസ്ത പൊതുപ്രവർത്തകനായ കെ.എം. ബഷീറിന്റെ സ്മരണാർത്ഥം വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെ.എം. ബഷീർ സ്മാരക പ്രഭാഷണത്തിന്റെ പതിനാറാം പതിപ്പ് സെപ്റ്റംബർ 1 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കും. മുൻ സുപ്രീം കോടതി ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ ഈ വർഷത്തെ കെ.എം. ബഷീർ സ്മാരക പ്രഭാഷണം നടത്തും. തുല്യ സാമ്പത്തിക വികസനം, സാമൂഹിക നീതി, സാമുദായിക ഐക്യം എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച കെ.എം. ബഷീറിന്റെ ജന്മശതാബ്ദി കൂടിയാണ് ഈ വർഷം.

വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് വർഷം തോറും സംഘടിപ്പിക്കുന്ന കെ.എം. ബഷീർ സ്മാരക പ്രഭാഷണ പരമ്പര, വിശിഷ്ട വ്യക്തിത്വങ്ങൾ അടിയന്തിര സാമൂഹിക പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്ന വേദിയാണ്. ‘മതേതര രാഷ്ട്രത്തിലെ സാഹോദര്യം: സാംസ്കാരിക അവകാശങ്ങളുടെയും കടമകളുടെയും സംരക്ഷണം’ എന്ന വിഷയത്തിലാണ് ജസ്റ്റിസ് റോഹിന്റൺ നരിമാൻ സംസാരിക്കുക. സെപ്റ്റംബർ 1 ന് വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന പ്രഭാഷണം മുൻ പോലീസ് ഡയറക്ടർ ജനറൽ ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിലാണ് നടക്കുക. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസിഡൻ്റ് പ്രൊഫ. ജമീലാ ബീഗം, എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. സജിത ബഷീർ, ചെയർപേഴ്‌സൺ എ.സുഹൈർ എന്നിവർ സംസാരിക്കും.

“മതേതരത്വം സാഹോദര്യത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ഭരണഘടനയുടെ മൗലികാവകാശ അധ്യായത്തിലും മൗലിക കടമകൾ എന്ന അധ്യായത്തിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭരണഘടനയിലെ സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കുന്ന ആർട്ടിക്കിൾ 29, ഒരുപക്ഷേ ലോക ഭരണഘടനകളിൽത്തന്നെ അതുല്യമാണ്. അതിനാൽ, സാംസ്കാരിക വൈവിധ്യത്തെ സംരക്ഷിക്കുന്നതിനും, വ്യക്തിയുടെ അന്തസ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പ ങ്കാണ് ഇതു വഹിക്കുന്നത്,” എന്ന് ജസ്റ്റിസ് നരിമാൻ വിശ്വസിക്കുന്നു. കെ എം ബഷീർ സ്മാരക പ്രഭാഷണത്തിനിടെ ജസ്റ്റിസ് നരിമാൻ ഈ വിഷയത്തെക്കുറിച്ചും കൂടുതൽ വിശദീകരിക്കും.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നിയമജ്ഞരിൽ ഒരാളായ ജസ്റ്റിസ് നരിമാൻ നാഴികക്കല്ലുകളായ നിരവധി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രേയ സിംഗാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66എ എന്ന വകുപ്പ് റദ്ദാക്കിയത് അവയിൽ ശ്രദ്ധേയമാണ്. ഓൺലൈൻ മേഖലകളിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വഴിതെളിച്ച മികച്ച വിജയമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹത്തിന്റെ നിർണ്ണായക പങ്ക്, സ്വവർഗരതി കുറ്റകരമല്ലാതാക്കിയ ചരിത്രപ്രസിദ്ധമായ നവതേജ് സിംഗ് ജോഹർ കേസിൽ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം, വിവാദമായ ശബരിമല ക്ഷേത്ര പ്രവേശന കേസിൽ അദ്ദേഹം നടത്തിയ ശക്തമായ ന്യായവാദം എന്നിവയെല്ലാം മതപരമായ ആചാരങ്ങളെക്കാൾ ഭരണഘടനാപരമായ ധാർമ്മികതയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നു.

ഇതു വരെ 15 പ്രഭാഷണങ്ങൾ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രൊഫ. പ്രഭാത് പട്നായിക്, ഡോ. അസ്ഗർ അലി എഞ്ചിനീയർ, ഡോ. സർവേപ്പള്ളി ഗോപാൽ, സൽമാൻ ഖുർഷിദ് തുടങ്ങിയ പ്രമുഖർ നേരത്തെ കെ.എം. ബഷീർ പ്രഭാഷണം നടത്തിയിട്ടുണ്ട്. ‘കേരളത്തിലെ സാമൂഹിക പരിവർത്തനങ്ങളുടെയും പുതിയ വിഭാഗീയതയുടെയും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ’, ‘നിലവിലെ സാഹചര്യത്തിൽ ഒരു ബദൽ വികസിപ്പിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക്’ മുതൽ ‘ആഗോളവൽക്കരണ കാലഘട്ടത്തിലെ വികസനം’ തുടങ്ങിയവ ഉൾപ്പടെ നിരവധി വിഷയങ്ങൾ ഈ പ്രഭാഷണങ്ങളിൽ ചർച്ചയായിട്ടുണ്ട്. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെ.എം. ബഷീർ സ്മാരക പ്രഭാഷണ പരമ്പര, ഇന്നേറെ പ്രസക്തമായ “സാമുദായിക ഐക്യം, ഭരണഘടന, സംസ്ഥാനത്തിന്റെ പങ്ക്” എന്ന വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Leave a Comment

More News