കണ്ണൂർ: കണ്ണൂരിലെ കുറ്റിയാട്ടൂരിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിജേഷ് ഇന്ന് രാവിലെ മരിച്ചു. യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയായിരുന്നു പോലീസ്.
ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിലെ അജീഷിന്റെ ഭാര്യ പ്രവീണ (39) യെയാണ് ജിജേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. അജീഷിന്റെ അച്ഛൻ അച്യുതൻ, അമ്മ സുശീല, പ്രവീണ, മകൾ ശിവദ എന്നിവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് സംഭവം. അജീഷ് വിദേശത്താണ്.
ഇവരുടെ വീട്ടിലെത്തിയ ജിജേഷ് വീടിന് മുന്നില്‍ ഇരിക്കുകയായിരുന്ന അച്യുതനോട് വെള്ളം ചോദിച്ചു. തുടര്‍ന്ന് അടുക്കളയില്‍ കയറി പ്രവീണയെ തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളും നാട്ടുകാരും എത്തി തീ അണച്ചു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, പ്രവീണയും ജിജേഷും ദീർഘകാല സുഹൃത്തുക്കളായിരുന്നു, എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ അകല്‍ച്ചയിലായിരുന്നു.
