പാലക്കാട്: പാലക്കാട് നഗരസഭാ ഭരണ സമിതി ബസ് ടെർമിനലിന്റെ പേര് ഉദ്ഘാടന തലേന്ന് വരെ പുറത്തു വിടാതെ ഉദ്ഘാടന സമയത്ത് ബി.ജെ.പി നേതാവിന്റെ പേര് തൂക്കി തികഞ്ഞ രാഷ്ട്രീയ നാടകം കളിച്ചത് ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഐ.എൻ.എൽ പാലക്കാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ടു കോടി 26 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് സ്റ്റാൻഡ് ടെർമിനലിന്റെ പണി പൂർത്തീകരിച്ചത്, എക്കാലത്തും ടെർമിനലിന്റെ പണിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖം തിരിയ്ക്കുന്ന സമീപനമായിരുന്നു നഗരസഭയുടേത്. ഉത്തരേന്ത്യയിലും മറ്റും ബി.ജെ.പി അനുവർത്തിച്ചു പോരുന്ന പേര് മാറ്റ നാടകത്തിൻ്റെ മറ്റൊരു പതിപ്പാണ് പാലക്കാട്ടേത്. സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റി തങ്ങളുടെ ഇഷ്ടക്കാരുടെ പേര് നൽകുന്നതിന്റെ ഭാഗമായി പാലക്കാട് നഗരസഭ തന്നെ മുൻകാലങ്ങളിൽ ആർ.എസ്.എസ് നേതാക്കളായ വി.ഡി സവർക്കറുടെയും ഹെഡ്ഗേവാറിന്റെയുംപേര് നൽകി വിവാദങ്ങൾക്ക് തുടക്കമിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
സംഘ്‌പരിവാറിന്റെ രാഷ്ട്രീയ പക്ഷപാതിത്വവും അപരമത വിദ്വേഷവും ജനിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ട സ്ഥലം എം.പി ഉദ്ഘാടന പ്രസംഗത്തിൽ ഈ വിഷയം പരാമർശിക്കാൻ പോലും തയ്യാറായില്ല എന്നുള്ളത് അപലപനീയമാണ്. ടെർമിനലിൻ്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള പണം പൂർണ്ണമായും എം.പി ഫണ്ടിൽ നിന്നായിട്ടു കൂടി ബി.ജെ.പിയുടെ പക്ഷപാതിത്വ നിലപാടിലെ ശ്രീകണ്ഠൻ്റെ മൗനം മറ്റു പലതിനുമുള്ള സമ്മതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തന്റെ മണ്ഡലത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു പരിപാടിയിൽ മുഖം കാണിക്കാൻ പോലും പറ്റാത്ത സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ പെട്ട് ഒളിവിൽ കഴിയേണ്ടി വന്ന യു.ഡി.ഫ് എം.എൽ.എ യുടെ ഗതികേടുമാണ് പ്രധാന പ്രതിപക്ഷമായ യു.ഡി.എഫിന് ഈ വിഷയത്തെ എതിർത്ത് സംസാരിക്കാനുള്ള ധാർമികത നഷ്ടപ്പെട്ട ഗതികേടിലാണ് യു.ഡി.എഫ് നേതൃത്വമെന്നും ഐ.എൻ.എൻ ജില്ലാ എക്സിക്യൂട്ടിവ് യോഗം കുറ്റപ്പെടുത്തി. നഗരസഭാ ഭരണത്തിന്റെ മറവിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനെതിരെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾ രംഗത്ത് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അസീസ് പരുത്തിപ്ര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ മമ്മിക്കുട്ടി മാസ്റ്റർ, അബ്ദു മാസ്റ്റർ അച്ചിപ്ര, മുസ്തഫ പുതുനഗരം, എസ് ഷാജുദ്ദീൻ, കെ.വി അമീർ, കുഞ്ഞീരുമ്മ, ശിഹാബ് മൈലാംപാടം, എ.പി സുൽഫീക്കർ, സി.ഐ റഹീം എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി.വി സ്വാഗതവും ട്രഷറർ ഉമ്മർ വി.ടി നന്ദിയും പറഞ്ഞു.
