മാലിന്യ രഹിത ഹരിത ഓണം; മാവേലി യാത്രക്ക് തുടക്കമിട്ടു

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് മുന്നോടിയായി മാലിന്യ രഹിതവും ഹരിതവുമായ ഓണം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘മാവേലി യാത്ര’ ആരംഭിച്ചു. ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയും നയിക്കുന്ന ഏഴ് ദിവസത്തെ യാത്ര തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഉദ്ഘാടന ചടങ്ങ് നടന്നു. ഓണാഘോഷങ്ങൾ മാലിന്യ രഹിതവും പരിസ്ഥിതി സൗഹൃദപരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ വാഹനവും മാവേലി യാത്രയുടെ ഭാഗമാകും. വർക്കല, കിളിമാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, ആര്യനാട്-പൂവച്ചൽ, തിരുവനന്തപുരം തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങൾ യാത്ര സന്ദർശിക്കും.

പ്രചാരണ വാഹനത്തിൽ എൽഇഡി മോണിറ്ററിൽ ബോധവൽക്കരണ വീഡിയോകളും സന്ദേശങ്ങളും പ്രദർശിപ്പിക്കും. കൂടാതെ, മാവേലി ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ജനങ്ങളോട് ചോദിക്കുകയും ശരിയായ ഉത്തരം നൽകുന്നവർക്ക് സമ്മാനമായി ബദൽ ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യും.

ചടങ്ങിൽ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറർ  യു .വി. ജോസ്, തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു  എന്നിവർ പങ്കെടുത്തു.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News