തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. വെള്ളിയാഴ്ചയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകർ ഓഫീസിന്റെ ചുമരുകളിൽ കരി ഓയില്‍ ഒഴിക്കുകയും കമ്പനി കാറിൽ പതാക ഉയർത്തുകയും ചെയ്തു. ചാനലിനെ അപമാനിക്കുന്ന തരത്തിലുള്ള നോട്ടീസുകൾ ഓഫീസിന്റെ ചുമരുകളിൽ പതിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് മോബൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
മുതിർന്ന പത്രപ്രവർത്തകരിൽ ഒരാൾ ലൈംഗിക പീഡനം നടത്തിയതായി സ്ഥാപനത്തിലെ മുൻ പത്രപ്രവർത്തകൻ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
മാധ്യമ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങളും കടന്നുകയറ്റങ്ങളും ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.സംഭവത്തെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയും അപലപിച്ചു. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദനും സംഭവത്തെ അപലപിച്ചു.
