വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും താത്പര്യമുള്ള സഞ്ചാരികൾക്ക് ആകർഷകമായ അനുഭവങ്ങളൊരുക്കുകയാണ് ഷാർജയിലെ മെലീഹ നാഷണൽ പാർക്ക്. സെപ്റ്റംബർ 7ന് ദൃശ്യമാവുന്ന പൂർണ ചന്ദ്ര ഗ്രഹണം, സെപ്റ്റംബർ 20ന് കാണാനാവുന്ന ശനിപ്രത്യയം (സാറ്റേൺ ഓപ്പോസിഷൻ) എന്നിവക്കായി ദേശീയോദ്യാനത്തിന്റെ ഭാഗമായ മെലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികളൊരുങ്ങുന്നുണ്ട്.
പൂർണ്ണ ചന്ദ്രഗ്രഹണം – സെപ്റ്റംബർ 7
ഈ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നതാണ് പൂർണ ചന്ദ്ര ഗ്രഹണം. ഈ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ (ബ്ലഡ് മൂൺ) ചിലയിടങ്ങളിൽ മാത്രമേ കാണാനാവൂ.
പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കൃത്യമായി കടന്നുപോകുന്നതാണ് ഈ പ്രതിഭാസം. ചന്ദ്രനെ പൂർണ്ണ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനുപകരം ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തെ വളയ്ക്കുകയും ചിതറിക്കുകയും ചെയ്യുന്നു. നീല, വയലറ്റ് പോലുള്ള ചെറിയ തരംഗദൈർഘ്യമുള്ളവ ചിതറിപ്പോകുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് പോലുള്ള കൂടുതൽ തരംഗദൈർഘ്യമുള്ളവ അന്തരീക്ഷത്തിലൂടെ കടന്നുപോയി ചന്ദ്രൻറെ ഉപരിതലത്തിലെത്തുന്നു. ഗ്രഹണ സമയത്ത്, ഈ ചിതറിക്കിടക്കുന്ന ചുവന്ന വെളിച്ചമാണ് ചന്ദ്രനെ ചുവപ്പാക്കി മാറ്റുന്നത്.
ശനി കാണാം, തെളിമയോടെ – സെപ്റ്റംബർ 20
ശനി ഭൂമിയോട് ഏറ്റവും അടുത്ത് എത്തി, രാത്രിയിൽ മുഴുവൻ തെളിച്ചത്തോടെ കാണപ്പെടുന്ന അവസ്ഥയാണ് സാറ്റേൺ ഓപോസിഷൻ എന്നറിയപ്പെടുന്നത്. ശനിയുടെ തെളിച്ചം ഏറ്റവും കൂടുതലായും വലിപ്പം ഏറ്റവും വലുതായും കാണപ്പെടുന്ന ഈ സവിശേഷരാത്രിയിൽ, അത്യാധുനിക ദൂരദർശിനികളിലൂടെ അതിന്റെ വിശദാംശങ്ങൾ കാണാനും അതേക്കുറിച്ച് കൂടുതൽ മനസിലാക്കാനുമുള്ള അവസരമാണ് മെലീഹയിൽ ഒരുങ്ങുന്നത്. ശനിയുടെ ഉപഹമായ ടൈറ്റന്റെയും വ്യക്തമായ കാഴ്ചകൾ ഈയവസരത്തിൽ പ്രതീക്ഷിക്കാം.
“മെലീഹയുടെ തെളിഞ്ഞ ആകാശക്കാഴ്ചകളിലേക്ക് വാനനിരീക്ഷകരെ സ്വാഗതം ചെയ്യുകയാണ്. ടെലസ്കോപുകളടക്കം മികച്ച സാങ്കേതികസൗകര്യങ്ങളും മെലീഹയുടെ ആതിഥേയത്വവും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. ഈ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജ്യോതിശാസ്ത്രരാവുകൾ തീർച്ചയായും കുടുംബങ്ങൾക്കും വാനനിരീക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാവും”- മെലീഹ നാഷണൽ പാർക്ക് മാനേജർ ഒമർ ജാസിം അൽ അലി പറഞ്ഞു.
വിനോദസഞ്ചാരത്തിനും ചരിത്രകാഴ്ചകൾക്കും പ്രശസ്തമായ മെലീഹ നാഷനൽ പാർക്കിൽ പ്രത്യേകം തയാറാക്കിയ പനോരമിക ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാരാന്ത്യത്തിലാണ് രണ്ട് ആകാശ വിസ്മയങ്ങളുമെന്നതിനാൽ കുടുംബസമേതം പരമ്പരാഗത എമിറാത്തി ആതിഥേയത്വം ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും, discovershurooq.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക. +971 6 802 1111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുകയും ചെയ്യാം.

