ദുബായ്: 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദീപക് മിത്തലിനെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഇന്ത്യയുടെ അടുത്ത അംബാസഡറായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നേരത്തെ, ഖത്തറിലെ ഇന്ത്യൻ അംബാസഡറായിരുന്ന അദ്ദേഹം, 2021-ല്‍ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ചതിനുശേഷം ഇന്ത്യയും താലിബാനും തമ്മിലുള്ള ആദ്യത്തെ ഔപചാരിക ചർച്ചകൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആ സമയത്ത്, ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയുമായി അദ്ദേഹം ചര്‍ച്ച നടത്ഥി. 2021 മുതൽ അബുദാബിയിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്ന സഞ്ജയ് സുധീറിന് പകരക്കാരനായാണ് മിത്തൽ ഇപ്പോൾ നിയമിതനാകുന്നത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധം 1972 ൽ സ്ഥാപിതമായതാണ്. 2015-ല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ സന്ദർശനത്തിനുശേഷം അത് കൂടുതൽ ശക്തിപ്പെട്ടു. തുടർന്ന്, കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി മോദി അഞ്ച് തവണ യുഎഇ സന്ദർശിച്ചു, 2023 നവംബർ-ഡിസംബർ മാസങ്ങളിൽ ദുബായിൽ നടന്ന COP28 വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉൾപ്പെടെ. അതുപോലെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും (MBZ) മറ്റ് ഉന്നതതല പ്രതിനിധികളും നിരവധി തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്, 2024 ൽ ഗുജറാത്തിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രസിഡന്റ് MBZ പങ്കെടുത്തതും ഇതിൽ ഉൾപ്പെടുന്നു.
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ 4.3 ദശലക്ഷം ഇന്ത്യൻ പ്രവാസികളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിത്തറ പാകുന്നത്. ഈ ഇന്ത്യൻ സമൂഹം യുഎഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുക മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളുടെ അടിത്തറ കൂടിയാണ്.
