ട്രംപിന്റെ ധാർഷ്ട്യം ഇന്ത്യ-യുഎസ് ബന്ധത്തെ തകർക്കുന്നു: റോ ഖന്ന

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിന് അപകടകരമാണെന്ന് യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ, ജോൺ ബോൾട്ടൺ എന്നിവർ വിശേഷിപ്പിച്ചു. ട്രംപിന്റെ ധാർഷ്ട്യം, ഉയർന്ന തീരുവകൾ, പാക്കിസ്താനുമായുള്ള വ്യക്തിപരമായ ബിസിനസ്സ് ബന്ധങ്ങൾ എന്നിവ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത തന്ത്രപരമായ പങ്കാളിത്തത്തെ ദുർബലപ്പെടുത്തിയെന്നും ഇന്ത്യയെ ചൈനയുമായും റഷ്യയുമായും അടുപ്പിച്ചെന്നും അവർ പറഞ്ഞു.

30 വർഷത്തെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത ബന്ധമാണ് ട്രംപ് തകർക്കുന്നതെന്ന് ഇന്ത്യൻ വംശജനായ റോ ഖന്ന പറഞ്ഞു. ട്രംപ് ഇന്ത്യയ്ക്ക് മേൽ 50% വരെ തീരുവ ചുമത്തിയെന്നും, ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുകയാണെന്നും ഇന്ത്യ ചൈനയിലേക്കും റഷ്യയിലേക്കും ചായുകയാണെന്നും ഖന്ന പറയുന്നു.

ട്രംപിനെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചതാണ് യഥാർത്ഥ കാരണമെന്ന് ഖന്ന അവകാശപ്പെട്ടു. മെയ് മാസത്തിൽ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിനെ പാക്കിസ്താന്‍ പ്രശംസിച്ചിരുന്നു, എന്നാൽ, ഇന്ത്യ അദ്ദേഹത്തിന് ഒരു അംഗീകാരവും നൽകിയില്ലെന്നു മാത്രമല്ല അതൊരു ആഭ്യന്തര കാര്യമാണെന്നും പറഞ്ഞു. ട്രംപിന്റെ ധാർഷ്ട്യം ഇന്ത്യ-യുഎസ് ബന്ധത്തെ തകർക്കുകയാണെന്ന് ഖന്ന പറയുന്നു.

പാക്കിസ്താനുമായുള്ള വ്യക്തിപരമായ ബിസിനസ് താൽപ്പര്യങ്ങൾ കാരണം ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ചൈനയെ നേരിടാൻ അത്യാവശ്യ പങ്കാളിയുമായ ഇന്ത്യ എന്ന നിലയിൽ ഇത് യുഎസിന് വലിയ തന്ത്രപരമായ നഷ്ടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ട്രംപ് ഭരണകൂടത്തിൽ എൻഎസ്എ ആയിരുന്ന ജോൺ ബോൾട്ടൺ, പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാനും ചൈനയുടെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും പതിറ്റാണ്ടുകളായി ശ്രമിച്ചിരുന്നുവെന്നും, ട്രംപ് തന്റെ താരിഫുകളും നയങ്ങളും കൊണ്ട് അത് നശിപ്പിച്ചുവെന്നും പറഞ്ഞു. തർക്കം പരിഹരിക്കപ്പെടുന്നുവെന്ന് ഇന്ത്യ വിശ്വസിച്ചുകൊണ്ടിരുന്നു. എന്നാൽ, പെട്ടെന്ന് ട്രംപ് 25% അധിക തീരുവ ചുമത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബോൾട്ടന്റെ അഭിപ്രായത്തിൽ, ഈ നയങ്ങൾ ഇന്ത്യയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കും ഒരു സാമ്പത്തിക ദുരന്തമായി മാറും.

Leave a Comment

More News