പാലക്കാട് മുനിസിപ്പാലിറ്റി ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യത: ഹമീദ് വാണിയമ്പലം

പാലക്കാട് മുനിസിപ്പാലിറ്റി മുപ്പത്തിരണ്ടാം വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് : 2025 അവസാനത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ നിന്ന് ബിജെപിയെ പുറത്താക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ പാർട്ടി പാലക്കാട് മുനിസിപ്പാലിറ്റി
മുപ്പത്തിരണ്ടാം വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തുവർഷത്തോളമായി ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിച്ച് കൊണ്ടിരിക്കുന്നത്. വികസന മുരടിപ്പും അഴിമതിയുമാണ് പത്തുവർഷത്തെ ബിജെപി ഭരണത്തിന്റെ മുഖമുദ്ര.

ആർഎസ്എസ് നയന്ത്രണത്തിലുള്ള മുത്താൻത്തറ വിദ്യാനികേതൻ സ്കൂളിന് സമീപം സ്ഫോടനം നടന്നത് പാലക്കാട്
സാമുദായിക സ്പർദ്ധ വർദ്ധിപ്പിച്ച് വീണ്ടും നഗരഭരണം പിടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. സ്ഫോടനത്തിന് പിന്നിലെ
കുറ്റവാളികളെ പിടിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാവാത്തത് സംശയാസ്പദമാണ്.

രാജ്യത്തുടനീളം തെരഞ്ഞെടുപ്പുകളിൽ വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിച്ച് ബിജെപി അധികാരം പിടിച്ചു കൊണ്ടിരിക്കുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത് വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിച്ചാണ് എന്ന യാഥാർത്ഥ്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

ഇന്ത്യയിൽ അവശേഷിക്കുന്ന ജനാധിപത്യമാണ് രാഷ്ട്രീയ ജനാധിപത്യം അഥവ ജനപ്രതിനിധികളെയും അവരിലൂടെ സർക്കാറുകളെയും തെരഞ്ഞെടുക്കാനുള്ള പൗരൻ്റെ അവകാശം. അതാണ് ഇപ്പോൾ തകർക്കപ്പെട്ടത്.

അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിക്കാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും പാലക്കാടിന്റെ ഭരണം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാൻ പാലക്കാട് എല്ലാ പൗരന്മാരും കൈകോർക്കണമെന്നും ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് എം ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എം.സുലൈമാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ശാക്കിർ പുലാപ്പറ്റ, ജില്ലാ കമ്മിറ്റി അംഗം പി.ലുക്ക്മാൻ, മണ്ഡലം പ്രസിഡൻറ്
എം കാജാ ഹുസൈൻ, മുൻ കൗൺസിലർ സൗരിയത്ത് സുലൈമാൻ എന്നിവർ സംസാരിച്ചു. അബു താഹിർ സ്വാഗതവും
അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.

Leave a Comment

More News