ദക്ഷിണ കൊറിയയിൽ നടക്കുന്ന APEC ഉച്ചകോടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയേക്കും

അടുത്ത മാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും. ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കളും ജിയോങ്ജുവിൽ നടക്കുന്ന ഈ വ്യാപാര സമ്മേളനത്തിനായി തയ്യാറെടുക്കുകയാണ്.

ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഷി ജിൻപിംഗ് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് അടുത്തിടെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

APEC സമ്മേളനത്തിനിടെ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ട്രംപും ഷി ജിൻപിങ്ങും തമ്മിൽ ഗൗരവമേറിയ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍, ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും അന്തിമമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ഒരു ഫോൺ കോളിൽ, ട്രംപിനെയും ഭാര്യയെയും ചൈന സന്ദർശിക്കാൻ ഷി ക്ഷണിച്ചിരുന്നു. അതിന് ട്രംപ് ഒരു ക്ഷണത്തോടെ മറുപടി നൽകി, പക്ഷേ തീയതികൾ തീരുമാനിച്ചിട്ടില്ല. “സാമ്പത്തിക സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദക്ഷിണ കൊറിയ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. വ്യാപാരം, പ്രതിരോധം, സിവിൽ ആണവ സഹകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും മറ്റ് ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു,” ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ് അദ്ദേഹത്തെ അപെക് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ഈ ഉച്ചകോടിയിൽ പങ്കെടുത്തേക്കാം.

ട്രംപിന്റെ താരിഫ് നയങ്ങളെച്ചൊല്ലി വാഷിംഗ്ടണും ബീജിംഗും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സമയത്താണ് ഈ സാധ്യമായ കൂടിക്കാഴ്ച നടക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയത്തിന്റെ പ്രധാന ലക്ഷ്യം ചൈനയാണ്. അടുത്തിടെ, ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവ അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ചൈനയിൽ നരേന്ദ്ര മോദി, വ്‌ളാഡിമിർ പുടിൻ, കിം ജോങ് ഉൻ എന്നിവർ ഷി ജിൻപിങ്ങിന്റെ പ്രത്യേക പരിപാടികളിൽ അതിഥികളായിരുന്നു. ടിയാൻജിനിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിയിൽ മോദി പങ്കെടുത്തപ്പോൾ കിമ്മും പുടിനും ബീജിംഗിൽ നടന്ന സൈനിക പരേഡിൽ പങ്കെടുത്തു. കൂടിക്കാഴ്ചയെ വിമർശിച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി, “പ്രസിഡന്റ് ഷിക്കും ചൈനയിലെ അത്ഭുതകരമായ ജനങ്ങൾക്കും സന്തോഷകരവും ശാശ്വതവുമായ ആഘോഷ ദിനം. അമേരിക്കയ്‌ക്കെതിരെ നിങ്ങൾ ഗൂഢാലോചന നടത്തുമ്പോൾ വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിനും എന്റെ ആശംസകൾ അറിയിക്കുക.”

Leave a Comment

More News