തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇന്നും നാളെയും ജില്ലാ കളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഓണവുമായി ബന്ധപ്പെട്ട പരിപാടികളുമായി ബന്ധപ്പെട്ടാണ് തദ്ദേശ അവധികൾ. തിരുവനന്തപുരം, തൃശൂർ, ആറന്മുള എന്നിവിടങ്ങളിൽ സെപ്റ്റംബർ 8 തിങ്കളാഴ്ചയും സെപ്റ്റംബർ 9 ചൊവ്വാഴ്ചയും തദ്ദേശ അവധികൾ പ്രഖ്യാപിച്ചു.
പുലിക്കളി മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തലസ്ഥാന നഗരത്തിലെ ഓണം ഘോഷയാത്രയുമായും ആറന്മുളയിലെ വള്ളംകളിയുമായും ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തദ്ദേശ അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തദ്ദേശ അവധി ബാധകമാണെന്ന് കലക്ടർമാർ വ്യക്തമാക്കി.
അതേസമയം മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും തുറക്കും. ഓഗസ്റ്റ് 29നാണ് ഓണാഘോഷത്തോടെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. സ്കൂൾ തുറന്ന് ഏഴ് ദിവസത്തിനകം ഓണപ്പരീക്ഷയുടെ മുഴുവൻ ഫലം പ്രഖ്യാപിക്കും. അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്ക് രണ്ടാഴ്ച സ്പെഷൽ ക്ലാസ് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.
