തിരുവനന്തപുരം: പേരൂർക്കടയില്‍ നടന്നത് വ്യാജ മാല മോഷണ കേസാണെന്നും, മാല മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടു ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവായി ചിത്രീകരിക്കാന്‍ പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും ഡിവൈഎസ്പി വിദ്യാധരന്റെ റിപ്പോർട്ടിൽ പറയുന്നു. ഓർമ്മക്കുറവുള്ള ഓമന ഡാനിയേൽ തന്റെ മാല സോഫയ്ക്കടിയില്‍ വെച്ചത് മറന്നുപോയതാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. ഓമന ഡാനിയേൽ തന്നെയാണ് സോഫയ്ക്കടിയില്‍ നിന്ന് മാല കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വീടിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കാണാതായ മാല കണ്ടെത്തിയെന്ന പേരൂർക്കട പോലീസിന്റെ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണ്. ബിന്ദുവിനെ അന്യായമായി തടങ്കലിൽ വച്ചതിനെ ന്യായീകരിക്കാൻ പോലീസ് കഥ കെട്ടിച്ചമച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ബിന്ദുവിനെ സ്റ്റേഷനിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറിനും അറിയാമായിരുന്നുവെന്നും, രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്യുന്നത് സിസിടിവിയിൽ നിന്ന് വ്യക്തമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ദളിത് യുവതിയെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിനെതിരെയും മോഷണക്കുറ്റം ആരോപിച്ച ഓമന ഡാനിയേലിനുമെതിരെയും നടപടിയെടുക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിനിയായ ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥ ഓമന ഡാനിയേൽ നൽകിയ പരാതിയിലാണ് പേരൂർക്കട പോലീസ് കേസെടുത്തത്. പരാതി നൽകുന്നതിന് നാല് ദിവസം മുമ്പ് വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയുമല്ല, രാത്രിയിൽ സ്റ്റേഷനിലിരുത്തി നിർത്തി മാനസികമായി പീഡിപ്പിച്ചു. എന്നാൽ, പിറ്റേന്ന്, നഷ്ടപ്പെട്ടതായി പറഞ്ഞ സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയായ ഓമനയുടെ വീടിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയതായി ഓമന ഡാനിയേൽ തന്നെ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ബിന്ദുവിനെ വിട്ടയക്കുകയും ചെയ്തു.
