കോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അരവിന്ദിനെയാണ് യാത്രക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ബസിലെ എസിയ്ക്ക് തണുപ്പ് പോരാ എന്ന കാരണം പറഞ്ഞാണ് അരവിന്ദിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ്-എറണാകുളം ബസിലെ ജീവനക്കാരനാണ് അരവിന്ദ്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ബസ് നന്തിയില്‍ എത്തിയപ്പോള്‍ തളിപ്പറമ്പിൽ നിന്ന് ബസിൽ കയറിയ രണ്ടുപേരാണ് യുവാവിനെ മർദ്ദിച്ചത്.
ബസിലെ എസിയ്ക്ക് തണുപ്പു പോരാ എന്നു പറഞ്ഞ് ഇവര്‍ അരവിന്ദിനെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാർ യുവാവുമായി തർക്കത്തിലേർപ്പെടുകയും മുഖത്ത് ആവർത്തിച്ച് മർദ്ദിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് യുവാവ് കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
ബെംഗളൂരു-കോഴിക്കോട് ഇന്റർസ്റ്റേറ്റ് നൈറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
