തിരുവനന്തപുരം: തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് സംഘടിപ്പിച്ച ‘ഇൻക്ലൂസീവ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ’ എന്ന ഏകദിന ശിൽപശാല സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായും ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായ വോട്ടർമാരുടെ വോട്ടവകാശം ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ദേശീയ തലത്തിൽ ജനസംഖ്യയുടെ 2-3 ശതമാനം വരുന്ന ഭിന്നശേഷി വിഭാഗത്തിന്, തിരഞ്ഞെടുപ്പുകളിൽ സുഗമമായി പങ്കെടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സുപ്രീം കോടതിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരുകളും എൻജിഒകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. 18 വയസ്സ് തികയുമ്പോൾ തന്നെ അവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഭിന്നശേഷിക്കാരുടെ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സാർവത്രിക വോട്ടവകാശമാണ്. അർഹരായ ഒരാൾ പോലും വോട്ടർപട്ടികയിൽ നിന്ന് വിട്ടുപോകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. 18 വയസ് പൂർത്തിയായ എല്ലാവരെയും വോട്ടർമാരായി രജിസ്റ്റർ ചെയ്യാനുള്ള പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ട്. 1951-52 കാലയളവിൽ വിവിധ പരിമിതികളെ മറികടന്ന് തെരഞ്ഞെടുപ്പ് പ്രകിയയുടെ ഭാഗമായവരാണ് ഇന്ത്യൻ ജനത. ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധമെന്ന നിലയിൽ ഉചിതരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി വിഭാഗത്തെ സംബന്ധിച്ച് ശിൽപശാലയിലെ വിവിധ പാനൽ ചർച്ചകളിൽ ഉണ്ടാകുന്ന നിർദേശങ്ങളും ശുപാർശകളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. രത്തൻ യു കേൽക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമ്പൂർണമായ ഭിന്നശേഷി പ്രാതിനിധ്യം തെരഞ്ഞെടുപ്പിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശിൽപശാലയിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് കമ്മീഷണർ ഡോ. പി.ടി. ബാബുരാജ് എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് മുൻ കമ്മീഷണർ പഞ്ചാപകേശൻ മുഖ്യപ്രഭാഷണം നടത്തി.
പിആര്ഡി, കേരള സര്ക്കാര്
