നിയമപരമായ അടിസ്ഥാനമില്ല: സോണിയ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത ഹർജി ഡൽഹി കോടതി തള്ളി

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്കെതിരെ ഫയല്‍ ചെയ്ത കേസ് ഡൽഹിയിലെ റൗസ് അവന്യൂ കോടതി തള്ളി. സോണിയ ഗാന്ധിയുടെ പേര് 1980 ൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 1983 ലാണ് അവർ ഇന്ത്യൻ പൗരത്വം നേടിയതെന്നും അവകാശപ്പെട്ട ഹർജിയാണ് കോടതി തള്ളിയത്.

വികാസ് ത്രിപാഠി എന്ന വ്യക്തിയാണ് ഈ ഹർജി സമർപ്പിച്ചത്. മുൻ കോൺഗ്രസ് പ്രസിഡന്റിന്റെ പേര് 1980 ൽ തന്നെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, അവരുടെ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് 1983 ലെതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്നാണ് ത്രിപാഠി അവകാശപ്പെട്ടത്.

മതിയായ തെളിവുകളും നിയമപരമായ നിലനിൽപ്പും ഇല്ലെന്ന് ചൂണ്ടിക്കാട്ടി റൗസ് അവന്യൂ കോടതി ത്രിപാഠിയുടെ ഹർജി തള്ളി. “ഞങ്ങൾ അത് തള്ളിക്കളഞ്ഞു,” കോടതി പറഞ്ഞു. ഇന്ത്യൻ സിവിൽ പ്രൊട്ടക്ഷൻ കോഡിലെ സെക്ഷൻ 175(4) പ്രകാരമാണ് ത്രിപാഠി ഹർജി സമർപ്പിച്ചത്, അതനുസരിച്ച് ഒരു മജിസ്‌ട്രേറ്റിന് ഒരു കേസിൽ അന്വേഷണത്തിന് ഉത്തരവിടാം. പഴയ ആരോപണങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം ഒരു എംപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി, പ്രത്യേകിച്ച് നേരിട്ടുള്ള തെളിവുകൾ ലഭ്യമല്ലാത്തപ്പോൾ.

1982-ൽ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും പിന്നീട് 1983-ൽ വീണ്ടും ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് ഹർജിക്കാരൻ ത്രിപാഠി പറഞ്ഞു. 1980-ൽ വോട്ടർ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയപ്പോൾ അവർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 1983 ഏപ്രിലിലാണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ പവൻ നരംഗ് അദ്ദേഹത്തിന് വേണ്ടി വാദിച്ചു. അത്തരമൊരു സാഹചര്യത്തിൽ, 1980-ൽ അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത് നിയമ ലംഘനമാണെന്നും അത് വഞ്ചനയുടെ വിഭാഗത്തിൽ പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഗുരുതരമായ ആരോപണങ്ങൾക്ക് ശക്തമായ രേഖാമൂലമുള്ള തെളിവുകൾ ഉണ്ടായിരിക്കണമെന്നും പഴയ രേഖകളുടെ പൊരുത്തക്കേടോ സംശയമോ മാത്രം അടിസ്ഥാനമാക്കി ക്രിമിനൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതും പൗരത്വ പ്രക്രിയയും തമ്മിലുള്ള സമയപരിധി സംബന്ധിച്ച ഹർജിക്കാരന്റെ വാദം വ്യക്തമോ തെളിയിക്കപ്പെട്ടതോ അല്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Comment

More News