ഹ്യൂസ്റ്റണ്‍: ഇന്ത്യൻ പൗരനായ ചന്ദ്ര നാഗമല്ലയ്യയുടെ ക്രൂരമായ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ വെള്ളിയാഴ്ച ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു. ഡാളസിലെ ജോലിസ്ഥലത്ത് കുടുംബത്തിന്റെ മുന്നിൽ വെച്ചാണ് ചന്ദ്ര നാഗമല്ലയ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദാരുണമായ സംഭവം സ്ഥിരീകരിച്ചു, ഇരയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. നാഗമല്ലയ്യയുടെ മരണം “ദുരന്തം” ആണെന്ന് കോൺസുലേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ വിശേഷിപ്പിച്ചു, കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് പറഞ്ഞു.
“ടെക്സസിലെ ഡാളസിൽ ജോലിസ്ഥലത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ട ഇന്ത്യൻ പൗരൻ ശ്രീ ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണമായ മരണത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങൾ കുടുംബവുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നു. അക്രമി ഡാളസ് പോലീസിന്റെ കസ്റ്റഡിയിലാണ്. കേസ് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്” എന്ന് പ്രസ്താവനയിൽ പറയുന്നു.
ഡാളസിലെ ഒരു മോട്ടൽ മാനേജരായ ചന്ദ്ര നാഗമല്ലയ്യ, ഒരു വാഷിംഗ് മെഷീൻ പൊട്ടിയതിനെച്ചൊല്ലി കോബോസ്-മാർട്ടിനെസ് എന്ന വ്യക്തിയുമായി തർക്കത്തിലേർപ്പെടുകയും അത് ക്രൂരമായ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു.
മോട്ടലിലെ ഒരു സഹപ്രവർത്തക പോലീസിനോട് പറഞ്ഞത്, “താൻ കോബോസ്-മാർട്ടിനെസിനൊപ്പം ഒരു മുറി വൃത്തിയാക്കുകയായിരുന്നു എന്നാണ്. അപ്പോൾ നാഗമല്ലയ്യ വന്ന് കേടായ മെഷീൻ ഉപയോഗിക്കരുതെന്ന് പറഞ്ഞു. എന്നാൽ, കോബോസ്-മാർട്ടിനെസുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് പകരം തന്റെ നിര്‍ദ്ദേശങ്ങള്‍ വിവർത്തനം ചെയ്യാൻ നാഗമല്ലയ്യ മറ്റൊരാളെ നിർദ്ദേശിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി, ഇത് മാര്‍ട്ടിനെസിനെ പ്രകോപിപ്പിച്ചതായി തോന്നുന്നു.”
ക്രിമിനൽ പശ്ചാത്തലമുള്ള കോബോസ്-മാർട്ടിനെസ് പിന്നീട് സംഭവസ്ഥലം വിട്ട് കോടാലിയുമായി തിരിച്ചെത്തി നാഗമല്ലയ്യയെ ആക്രമിക്കുന്നത് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു.
സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബോബ് എന്ന് അറിയപ്പെട്ടിരുന്ന നാഗമല്ലയ്യ, സ്നേഹനിധിയായ ഭർത്താവ്, അർപ്പണബോധമുള്ള പിതാവ്, തന്നെ അറിയാവുന്ന എല്ലാവരുടെയും ജീവിതത്തെ സ്പർശിച്ച ദയാലുവായ ആത്മാവ് എന്നീ നിലകളിൽ ഓർമ്മിക്കപ്പെടുന്നു. “ഈ സങ്കൽപ്പിക്കാനാവാത്ത ദുരന്തം പെട്ടെന്ന് സംഭവിച്ചത് മാത്രമല്ല, അത്യധികം വേദനാജനകവുമായിരുന്നു,” സുഹൃത്തുക്കൾ പറഞ്ഞു. “ഭാര്യയും മകനും ധീരമായി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ക്രൂരമായ ആക്രമണത്തിലാണ് നാഗമല്ലയ്യയുടെ ജീവൻ അപഹരിച്ചത്.
കോബോസ്-മാർട്ടിനെസിന്റെ ക്രിമിനൽ ചരിത്രം
കോബോസ്-മാർട്ടിനെസിന് ക്രിമിനൽ ചരിത്രമുണ്ട്. ആക്രമണം, കാർ മോഷണം എന്നീ കുറ്റങ്ങൾക്ക് മുമ്പ് ഹൂസ്റ്റണിൽ അറസ്റ്റിലായിട്ടുണ്ട്. ഇപ്പോൾ ബോബിന്റെ കൊലപാതകത്തിന് അറസ്റ്റിലായി. കോബോസ്-മാർട്ടിനെസ് നേരത്തെ മോചിപ്പിക്കപ്പെട്ട ഒരു ക്യൂബൻ പൗരനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ക്രിമിനൽ ചരിത്രം കാരണം ക്യൂബ അയാളെ തിരികെ കൊണ്ടുപോകാൻ വിസമ്മതിച്ചതിനാലാണിത്.
സംഭവത്തിൽ ബോബിന്റെ കുടുംബം തകർന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയും 18 വയസ്സുള്ള മകനും ചേർന്ന് ശവസംസ്കാരച്ചെലവുകൾക്കും സ്വന്തം ജീവിതച്ചെലവുകൾക്കും വേണ്ടി ഒരു ഫണ്ട് ശേഖരണം സംഘടിപ്പിച്ചിട്ടുണ്ട്. ബോബിന്റെ ശവസംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. കോബോസ്-മാർട്ടിനെസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, പരോൾ ഇല്ലാതെ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.
