“ഓതിരം 2025” ഒക്ടോബർ 5ന് സ്റ്റാഫോർഡ് സിവിക് സെൻററിൽ

ഹൂസ്റ്റൺ: “ഓതിരം 2025” എന്ന പേരിൽ ഒക്ടോബർ 5ന് 6 മണിക്ക് സ്റ്റാഫോർഡ് സിവിക് സെൻററിൽ വച്ച് വിവിധ ആയോധന കലകളുടെ പ്രദർശനവും,നൃത്ത-നൃത്യ നാട്യ കലാരൂപങ്ങളുടെ ആവിഷ്കാരവും നടക്കുകയാണ്.

ഒരു കാലഘട്ടത്തിൽ തെക്കു വടക്കൻ കേരളത്തെ ഇളക്കിമറിച്ചിരുന്ന കേരളത്തിൻറെ സ്വന്തം കളരിപ്പയറ്റാണ് പ്രധാന ഇനം. കളരി ദേവതകളും, ഗുരുക്കന്മാരും അരങ്ങുവാണിരുന്ന മലബാർ പ്രദേശത്തിൻറെ ഹൃദയ താളങ്ങളെ തൊട്ടുണർത്തിയിരുന്ന കളരിപ്പയറ്റ് ഒരു നോക്കു കാണുവാൻ ഹൂസ്റ്റൺ മലയാളി സമൂഹത്തിലെ പുതുതലമുറ വെമ്പൽ കൊള്ളുകയാണ്.

കളരിപ്പയറ്റിനു പുറമേ കരാട്ടെയും, മറ്റ് സമ്മിശ്രങ്ങളായ ആയോധനകലകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയോധന കലകളുടെ മാതാവ് എന്നറിയപ്പെടുന്ന കളരിപ്പയറ്റ് അമേരിക്കയിൽ ഇദം പ്രഥമമായി അരങ്ങേറുകയാണ്.

തെക്കൻ കളരികളുടെയും, വടക്കൻ കളരികളുടെയും ആശാൻ സ്ഥാനീയനായ രാജു ആശാൻറെ നേതൃത്വത്തിലും, ശിക്ഷണത്തിലും ആണ് പരിപാടി അരങ്ങേറുന്നത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുള്ള ആശാൻ തഞ്ചാവൂർ സിലംബത്തിലും പ്രാഗല്ഭ്യം നേടിയിട്ടുണ്ട്.

കലാപ്രേമികളെ പുളകച്ചാർത്ത് അണിയിക്കുന്ന നൃത്ത നൃത്യങ്ങളും, നാട്യപ്രധാനമായ നാടകവും, അസുരവാദ്യമായ ചെണ്ടയിൽ വിരചിക്കുന്ന പഞ്ചാരിമേളവും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.

ഈ കലാപരിപാടിയുടെ വിജയത്തിനായി മുൻകൂട്ടി ടിക്കറ്റുകൾ കരസ്ഥമാക്കി ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് സംഘാടകരായ റെജി കളത്തിൽ, സന്ദീപ് തേവർവേലിൽ, ഷിജോ ചാണ്ടപിള്ള, ശബരി സുരേന്ദ്രൻ,അനില സന്ദീപ് എന്നിവർ അറിയിച്ചു.

മലയാളി സമൂഹത്തിൻറെ താൽപര്യപ്രകാരം ഈ പരിപാടി എല്ലാ വർഷവും തുടർന്നു കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നതായും രാജു ആശാൻ അറിയിച്ചു.

Leave a Comment

More News