കൊച്ചി: തൃശൂർ-എറണാകുളം ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ടോൾ പിരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മാറ്റമില്ലാതെ തുടരുന്നു. പ്രശ്നം പരിഹരിക്കാൻ കളക്ടർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചതിനെത്തുടർന്ന്, റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി ഇന്ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി നൽകിയ 18 നിർദ്ദേശങ്ങളിൽ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയിട്ടുണ്ടെന്നും മറ്റുള്ളവയിൽ പുരോഗതിയുണ്ടെന്നും പോലീസും ഗതാഗത വകുപ്പും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഓൺലൈനിൽ ഹാജരായ തൃശൂർ കളക്ടർ അറിയിച്ചു.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. ദേശീയപാതയിലെ തിരക്ക് കാരണം ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചിരുന്നു. ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എയും കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
