ശബരിമലയിലെ ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കാണാതായ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് നാല് കിലോയോളം സ്വർണ്ണവും ചെമ്പും കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

2019 ൽ അറ്റകുറ്റപ്പണികൾക്ക് ശേഷം ശിൽപങ്ങൾ തിരികെ നൽകിയപ്പോഴാണ് സ്വര്‍ണ്ണം കുറവുള്ളതായി കണ്ടെത്തിയത്. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ‘പെട്രോൾ പോലെ സ്വർണ്ണം ബാഷ്പീകരിക്കപ്പെടുകയില്ല’ എന്ന് ബെഞ്ച് നിരീക്ഷിച്ചു.

2019-ൽ അറ്റകുറ്റപ്പണികൾക്കായി ദ്വാരപാലക ശില്പങ്ങൾ മാറ്റിയപ്പോൾ അവയുടെ ഭാരം 42.800 കിലോഗ്രാം ആയിരുന്നു. എന്നാല്‍, അവ വീണ്ടും സ്ഥാപിച്ചപ്പോൾ, ഭാരം 38.653 കിലോഗ്രാം ആയി കുറഞ്ഞു. മഹസ്സറില്‍ നാല് കിലോയിൽ കൂടുതൽ ഭാരം കുറഞ്ഞതായി രേഖപ്പെടുത്താതിരുന്നത് കോടതിയെ അത്ഭുതപ്പെടുത്തി. സ്വർണ്ണം പൂശിയത് മറച്ചുവെച്ച് ചെമ്പ് പാളികൾ ഉപയോഗിച്ചതായി രേഖകളിൽ പറയുന്നു.

ഈ വിഷയത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോട് (പോലീസ് സൂപ്രണ്ട്) കോടതി നിർദ്ദേശിച്ചു. സ്ട്രോംഗ് റൂമിലെ പഴയ ശില്പങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2019 ലെ സംഭവങ്ങൾക്ക് പുറമേ, നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെയാണ് ശിൽപങ്ങൾ കൊണ്ടുപോയത്. പഴയ ശിൽപങ്ങളിൽ നിന്നുള്ള സ്വർണ്ണം ഉപയോഗിച്ച് ചെലവ് കുറയ്ക്കാമെന്ന സ്പോൺസറുടെ കത്ത് ദുരൂഹത വർദ്ധിപ്പിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കോടതി അനുമതി നൽകി.

ഹൈക്കോടതിയുടെ നിബന്ധനകൾ പാലിച്ച് ആഗോള അയ്യപ്പ സംഗമം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ദേവസ്വം ബോർഡായിരിക്കും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ വിഷയത്തിൽ ഹൈക്കോടതിക്ക് ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞു.

Leave a Comment

More News