‘കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നു, നിങ്ങൾ ഇസ്രായേലിനെ സംരക്ഷിക്കുകയാണ്’: എപ്‌സ്റ്റൈൻ ഫയലുകളിൽ കാഷ് പട്ടേലിന് അമേരിക്കയില്‍ എതിര്‍പ്പുകള്‍ ശക്തമായി

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ അവഗണിക്കുകയും ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ച് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് വാഷിംഗ്ടണിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു.

വാഷിംഗ്ടണ്‍: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വീണ്ടും വിവാദത്തിൽ അകപ്പെട്ടു. വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോളില്‍ ആക്ടിവിസ്റ്റുകളുടെ കടുത്ത പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകൾ ഗൗരവമായി എടുക്കുന്നില്ലെന്നും അമേരിക്കൻ പൊതുജനങ്ങളെക്കാൾ ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്കാണ് മുന്‍‌ഗണന കൊടുക്കുന്നതെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ മേൽ കുറ്റം ചുമത്തിയത്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ജെഫ്രി എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് പട്ടേലിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ സംഭവം നടന്നത്.

ഒരു വൈറലായ വീഡിയോയിൽ, ഒരു ആക്ടിവിസ്റ്റ് പട്ടേലിനോട് “കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിങ്ങൾക്ക് പ്രശ്നമല്ല” എന്ന് പറയുന്നത് വ്യക്തമായി കാണാം. പട്ടേൽ നിശബ്ദത പാലിക്കുകയും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. അമേരിക്കൻ പൗരന്മാർക്ക് വേണ്ടിയല്ല, ഇസ്രായേലിന് വേണ്ടിയാണ് താങ്കള്‍ പ്രവർത്തിക്കുന്നതെന്നും കുറ്റാരോപിതർ അവകാശപ്പെടുന്നു.

വാദം കേൾക്കുന്നതിനിടെ, മെരിലാൻഡിൽ നിന്നുള്ള ഡെമോക്രാറ്റായ പ്രതിനിധി ജാമി റാസ്കിൻ, പട്ടേൽ മുമ്പ് സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടി വാദിച്ചതും ഇപ്പോൾ എപ്സ്റ്റീൻ കേസ് ‘ഒതുക്കുന്നതിന്’ കൂട്ടുനില്‍ക്കുന്ന ഒരു കക്ഷിയായി മാറിയതും എങ്ങനെയെന്ന് ചോദിച്ചു. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് എഫ്ബിഐ എല്ലാ വിവരങ്ങളും ഇതിനകം പുറത്തുവിട്ടിട്ടുണ്ടെന്ന് പട്ടേൽ മറുപടി നൽകി. എന്നാല്‍, പ്രസിഡന്റിന്റെ ഒപ്പുള്ള ഒരു സംശയാസ്പദമായ കത്ത് എപ്സ്റ്റീന്റെ കൈവശമുണ്ടെന്ന ട്രംപിന്റെ അവകാശവാദം അന്വേഷിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഡെമോക്രാറ്റുകളിൽ നിന്ന് മാത്രമല്ല, റിപ്പബ്ലിക്കൻ വൃത്തങ്ങളിൽ നിന്നും പട്ടേൽ വിമർശനം നേരിടുന്നുണ്ട്. എഫ്ബിഐയുടെ മേധാവി സ്ഥാനത്തേക്ക് പട്ടേൽ ശരിയായ വ്യക്തിയാണോ എന്ന് കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ക്രിസ്റ്റഫർ റൂഫോ ചോദ്യം ചെയ്തു. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടതിനെയും റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ ചോദ്യം ചെയ്തു.

പട്ടേൽ ഇതിനുമുമ്പും വിവാദങ്ങൾ നേരിട്ടിട്ടുണ്ട്. അടുത്തിടെ, യൂട്ടാ സർവകലാശാലയിൽ ട്രംപ് അനുയായി ചാർളി കിർക്കിന്റെ കൊലപാതകത്തെത്തുടർന്ന് അദ്ദേഹത്തിന്റെ പ്രാരംഭ പ്രസ്താവനകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ആദ്യം ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പ്രഖ്യാപിച്ചു, എന്നാൽ രണ്ട് മണിക്കൂറിനുശേഷം പ്രതിയെ വിട്ടയച്ചതായി പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസ്താവന മാറ്റി. യഥാർത്ഥ പ്രതിയെ പിന്നീട് 33 മണിക്കൂറിനുശേഷം പിടികൂടി. ഈ സംഭവങ്ങൾ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അദ്ദേഹത്തോട് രാജി വെച്ചൊഴിയാനും ആവശ്യം ഉയരുന്നുണ്ട്.

 

Leave a Comment

More News