“പാക്കിസ്താനിലും ബംഗ്ലാദേശിലും നേപ്പാളിലും എനിക്ക് സ്വന്തം വീടു പോലെ തോന്നി”; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡയുടെ പ്രസ്താവന വിവാദമായി

മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവിയുമായ സാം പിട്രോഡ പാക്കിസ്താനെയും ബംഗ്ലാദേശിനെയും നേപ്പാളിനേയും കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായി. അദ്ദേഹത്തിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ, പാക്കിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു ” ആ രാജ്യങ്ങളില്‍ ചെന്നപ്പോള്‍ തനിക്ക് “സ്വന്തം വീടു പോലെ” തോന്നി എന്ന്. പിട്രോഡയുടെ പ്രസ്താവന ബിജെപിക്ക് കോൺഗ്രസിനെ ആക്രമിക്കാൻ വീണ്ടും ഒരു അവസരം നൽകി.

വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസിന് നൽകിയ അഭിമുഖത്തിലാണ് സാം പിട്രോഡ ഇന്ത്യയുടെ വിദേശ നയത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെച്ചത്. അദ്ദേഹം പറഞ്ഞു, “ഞാൻ പാക്കിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ പോയപ്പോൾ, എല്ലായിടത്തും എനിക്ക് സ്വന്തം നാട്ടിലാണെന്ന പ്രതീതിയായിരുന്നു. വിദേശ മണ്ണിൽ ആണെന്ന് എനിക്ക് തോന്നിയില്ല.” അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യ വിദേശനയം കേന്ദ്രീകരിക്കേണ്ടതെന്ന് പിട്രോഡ ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന വിവാദങ്ങൾക്ക് കാരണമായി, പ്രത്യേകിച്ചും പാക്കിസ്താനെ “സ്വദേശം പോലെ” എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിനാൽ.

പിട്രോഡയുടെ പ്രസ്താവന കോൺഗ്രസ് പാർട്ടിക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കോൺഗ്രസ് പാർട്ടി “ദേശവിരുദ്ധ” പ്രസ്താവനകൾ നടത്തുന്നുവെന്ന് ബിജെപി മുമ്പ് ആരോപിച്ചിരുന്നു. ഈ പുതിയ പ്രസ്താവന ബിജെപിക്ക് കോണ്‍ഗ്രസിനെ അടിക്കാന്‍ മറ്റൊരു ‘വടി’ യായി മാറിയേക്കാം. ബിജെപിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ ദേശീയത, അതിർത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉയര്‍ത്തിക്കാണിച്ച് രാജ്യത്ത് ചർച്ചകള്‍ക്ക് വഴിമരുന്നിടുന്ന സാഹചര്യത്തില്‍, പിട്രോഡയുടെ ഈ പ്രസ്താവന കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.

ഇത് സാം പിട്രോഡയുടെ ആദ്യത്തെ വിവാദ പ്രസ്താവനയല്ല. അദ്ദേഹത്തിന്റെ നിരവധി പ്രസ്താവനകൾ മുമ്പ് കോൺഗ്രസ് പാർട്ടിയെ കുഴപ്പത്തിലാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ചില പ്രധാന വിവാദങ്ങൾ
ചൈനയെക്കുറിച്ചുള്ള പ്രസ്താവന: ചൈനയിൽ നിന്നുള്ള ഭീഷണി അതിശയോക്തിപരമാണെന്നും ചൈനയെ ശത്രുവായി കണക്കാക്കുന്നതിനുപകരം സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പിട്രോഡ പറഞ്ഞിരുന്നു.

വംശീയ പരാമർശങ്ങൾ: ഇന്ത്യൻ ജനതയുടെ മുഖച്ഛായയെക്കുറിച്ച് പരാമർശിക്കവേ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ‘ചൈനക്കാരെപ്പോലെ’ എന്നും തെക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ‘ആഫ്രിക്കക്കാരെപ്പോലെ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അനന്തരാവകാശ നികുതി: അമേരിക്കയുടെ മാതൃകയിൽ ഇന്ത്യയിലും അനന്തരാവകാശ നികുതി നടപ്പിലാക്കണമെന്ന് പിട്രോഡ വാദിച്ചിരുന്നു.

പുൽവാമ ആക്രമണം: 2019 ലെ പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദം സൃഷ്ടിച്ചു.

രാമക്ഷേത്രവും സിഖ് കലാപവും: രാമക്ഷേത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും 1984 ലെ സിഖ് കലാപത്തെക്കുറിച്ചുള്ള ‘ഹുവ ടു ഹുവാ’ പോലുള്ള പ്രസ്താവനകളും ചർച്ച ചെയ്യപ്പെട്ടു.

പിട്രോഡയുടെ പുതിയ പ്രസ്താവന കോൺഗ്രസിനെ വീണ്ടും അസ്വസ്ഥമായ അവസ്ഥയിലാക്കാന്‍ സാധ്യതയുണ്ട്. ഈ വിഷയം മുതലെടുക്കാൻ ബിജെപി പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്.

 

Leave a Comment

More News