കുടിയേറ്റം ഒരു വഴിത്തിരിവിൽ (ലേഖനം): വിനീത കൃഷ്ണന്‍

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

2012ൽ ന്യൂജെഴ്‌സിയിലെ എഡിസൺ ടൗൺഷിപ്പിൽ വെള്ളക്കാരായ ദമ്പതികളിൽ നിന്നാണ് ഞങ്ങൾ വീട് വാങ്ങിയത്. അന്ന് ഇന്നിതൊരു മിക്സഡ് റേസ് നെയ്ബർഹുഡ് ആയിരുന്നു. വെള്ളക്കാർ കൂടുതൽ, പിന്നെ ഏഷ്യൻ വംശജർ അതുകഴിഞ്ഞ് ചെറിയ ശതമാനം മറ്റുള്ളവർ.

വിനീത കൃഷ്ണന്‍

മനോഹരവും വിശാലവുമായ പുൽത്തകിടികളിൽ എന്റെ മകനും പല വർണ്ണങ്ങളിലുള്ള അവന്റെ കൂട്ടുകാരും തിമിർത്തു കളിച്ചു വളർന്നു. ഇപ്പോൾ മകനുൾപ്പടെ അവന്റെ പ്രായത്തിലുള്ളവർ കോളേജ് പഠനത്തിനായി പല സ്ഥലങ്ങളിലാണ്. ഇന്നിവിടെ ചുറ്റുവട്ടത്തു കളിക്കുന്നത് മുഴുവൻ ഇന്ത്യൻ വംശജരായ കുട്ടികളാണ്. കഴിഞ്ഞ കുറെ വർഷങ്ങളിലായി രണ്ടോ മൂന്നോ ചെറിയ വീടുകൾ ഒഴികെ എല്ലായിടത്തും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയവർ വളരെ വലിയ വീടുകൾ വെച്ച്, ആഡംബര കാറുകളുമായി ജീവിക്കുന്നു. സാമ്പത്തികമായി മുൻപന്തിയിലുള്ള എഞ്ചിനീയർമാർ, ഡോക്ടർമാർ, ചെറുകിട വ്യവസായികൾ. പൊതു നിയമങ്ങൾ പാലിക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്ന, എന്നാൽ ഇന്ത്യയിൽ നിന്നുള്ള മറ്റുള്ളവരുമായി കൂടുതൽ ഇടപഴകി ജീവിക്കുന്ന assimilation കുറഞ്ഞ സമൂഹം. ഇവരുടെ അമേരിക്കയിൽ ജനിച്ചു വളർന്ന മക്കൾ പഠിത്തത്തിലും സ്പോർട്സ് ഒഴികെയുള്ള എല്ലാ പഠ്യേതര വിഷയങ്ങളിലും മറ്റെല്ലാ വിഭാഗങ്ങളെക്കാൾ ഏറെ മുന്നിൽ. ഈ പ്രദേശത്തുള്ള എല്ലാ എത്നിക് വിഭാഗങ്ങളും പരസ്‍പരം നല്ല രീതിയിലാണ് പെരുമാറ്റം, എങ്കിലും ഉള്ളിൽ ചിലർക്കെങ്കിലും അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ട്. ഇവിടുത്തെ സ്കൂളുകളിലെ competition എന്റെ മക്കൾക്ക് താങ്ങാനാകുന്നില്ല താമസം മാറുകയാണ് എന്നൊരു വൈറ്റ് ലേഡി എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഇന്ത്യക്കാർക്ക് ചെറിയ സമയത്തിനുള്ളിൽ എങ്ങനെയാണ് ഇത്ര വലിയ വീടുകൾ വെയ്ക്കാൻ പറ്റുന്നത്, ഇന്ത്യക്കാർ മുഴുവൻ കണക്കിൽ മിടുക്കരാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും കേട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷങ്ങൾ എടുത്താൽ മറ്റൊരു വിഭാഗം കൂടുതലായി ഇവിടെ താമസം തുടങ്ങിയതായി കാണാം. വിവിധ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലിങ്ങൾ. തൊട്ടടുത്ത് ഒരു മസ്ജിദ് ഉണ്ട്. പ്രാർത്ഥിക്കാനുള്ള സൗകര്യവും മറ്റുമാകാം അവർ കൂടുതലായി ഇങ്ങോട്ടു താമസം മാറുന്നത്. ഇന്ത്യൻ നെയ്ബർഹുഡ് എന്നറിയപ്പെടുന്നതിൽ ആഹ്ലാദിച്ചിരുന്ന ചില ഇന്ത്യക്കാർ തന്നെ ഇതൊരു മുസ്ലിം നെയ്ബർഹുഡ് ആയിപോകുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നതിലെ വിരോധാഭാസം ആശ്ചര്യത്തോടെ ആണ് ഞാൻ നോക്കിക്കാണുന്നത്.

എന്നെയും കുടുംബത്തെയും സംബന്ധിച്ച് എല്ലാ വിഭാഗക്കാരുമായും സ്നേഹത്തോടെയും സഹകരണത്തോടെയും എന്നും കഴിയണം എന്നാണാഗ്രഹം. പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ വർധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധത ഭാവിയിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വെല്ലുവിളികൾ ഉയർത്തും എന്നതിൽ തർക്കമില്ല. ഇതിനിടിയിലാണ് ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾ പൂവണിയുന്നതിന്റെ ആദ്യ ചവിട്ടുപടിയായ H-1B പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്തികൊണ്ടുള്ള ട്രംപിന്റെ പ്രൊക്ലമേഷൻ.

2015 മുതൽ എല്ലാ വർഷവും അംഗീകരിക്കപ്പെടുന്ന H-1B തൊഴിൽ വിസ അപേക്ഷകളിൽ 70% ത്തിലധികവും ഇന്ത്യക്കാരാണെന്ന് യുഎസ് ഗവൺമെന്റ് ഡാറ്റ കാണിക്കുന്നത്‌. ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ യുഎസിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എച്ച്-1ബി പ്രോഗ്രാം. എന്നാൽ, ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള വിസ കാറ്റഗറിയും ഇത് തന്നെ. വ്യക്തികളും കമ്പനികളും ഒക്കെക്കൂടെ നടത്തിയ fraudulent ആയ നീക്കങ്ങൾ ഈയൊരു പ്രോഗ്രാമിന്റെ ശോഭ കെടുത്തി എന്നത് മാത്രമല്ല നേരായ രേഖകൾ കാണിച്ചു വരാൻ ഉദ്ദേശിക്കുന്ന മിടുക്കരായവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. H-1B നിയന്ത്രണങ്ങൾ കേവലം ട്രംപ് ഭരണകൂടത്തിന്റെ താൽപ്പര്യം മാത്രമല്ല.

“മതി, ഇന്ത്യക്കാർക്ക് ഇനി വിസ കൊടുക്കേണ്ട. അമേരിക്ക നിറഞ്ഞു കഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ളവരെ പോലെ മറ്റൊരിടത്തുനിന്നുമുള്ള നിയമപരമായ കുടിയേറ്റവും അമേരിക്കൻ തൊഴിലാളികളെ ഇത്രയധികം ബാധിച്ചിട്ടുണ്ടാവില്ല. നമ്മുടെ സ്വന്തം ആളുകളെ നമുക്ക് ആദ്യം പരിഗണിക്കാം” – അമേരിക്കൻ വലതുപക്ഷത്തിന്റെ പോസ്റ്റർ ബോയ്, ചാർളി കർക്ക് താൻ കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിസങ്ങൾക്കു മുൻപു ചെയ്ത ട്വീറ്റ്. “എച്ച്-1ബി പ്രോഗ്രാമിന്റെ പ്രധാന ധർമ്മം മികച്ചവരെയും മിടുക്കന്മാരെയും നിയമിക്കുക എന്നതല്ല, മറിച്ച് നല്ല ശമ്പളമുള്ള അമേരിക്കൻ ജോലികൾ കുറഞ്ഞ ശമ്പളം കൊടുത്തു വിദേശത്തു നിന്നുള്ള ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളെക്കൊണ്ട് മാറ്റിസ്ഥാപിക്കുക എന്നതാണ്” – പറഞ്ഞത് ബേർണി സാൻഡേഴ്‌സ്, അമേരിക്കൻ ഇടതുപക്ഷത്തിന്റെ ഭീഷ്മാചാര്യൻ. ആശയപരമായും നയപരമായും ഇരുധ്രുവങ്ങളിൽ നിൽക്കുന്നവർ എച്ച്-1ബി തൊഴിൽ വിസയിൽ വരുന്നവരോടുള്ള സമീപനത്തിൽ യോജിക്കുന്ന അപൂർവക്കാഴ്ച! ഇലോൺ മസ്‌കിനെപ്പോലുള്ളവർ എച്ച്-1ബി പ്രോഗ്രാമിനെ അനുകൂലിച്ചു സംസാരിച്ചവരാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈറ്റില്ലമായ അമേരിക്കയിൽ മികച്ച എഞ്ചിനീയറിംഗ് പ്രതിഭകളുടെ സ്ഥിരമായ ക്ഷാമമുണ്ട് എന്നാണ് ഇവരുടെ വാദം.

അമേരിക്കൻ പൗരന്മാരായ കോളേജ് graduates AIയുടെ വരവോടെ എൻട്രി ലെവൽ തൊഴിലുകൾ കിട്ടാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനിടയിൽ പുറത്തു നിന്ന് തൊഴിൽ വിസയിൽ നിന്ന് വരുന്നവരെ മാനിക്കേണ്ട എന്ന പൊതുവികാരമുയരുന്നു. കാര്യങ്ങൾ കൃത്യമായ പ്ലാനിങ്ങോ മുന്നറിയപ്പോ നൽകാതെ ഞെട്ടിപ്പിക്കുന്ന രീതിയിൽ ചെയ്യുക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ശൈലി. കുത്തനെ വിസ ഫീസ് കൂട്ടിയത് കൊണ്ടു പുറം രാജ്യങ്ങളിൽ നിന്ന് വന്നു സ്റ്റുഡന്റ് വിസയിൽ പഠിക്കുന്ന, തൊഴിൽ വിസയിലേക്കു മാറാൻ ആഗ്രഹിക്കുന്നവർക്കും യാത്രാമധ്യേയുള്ള തൊഴിൽ വിസക്കാർക്കും മറ്റും ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടായിരിക്കുന്നത്.

എച്ച്-1ബി വിസയിൽ ഇനിയാർക്കും ഇങ്ങോട്ടു വരാൻ പറ്റില്ലേ? പറ്റും, പക്ഷെ അതിപ്രഗത്ഭരായവരെ മാത്രമേ $100K പെറ്റീഷൻ ഫീ കൊടുത്തു കൊണ്ടുവരാൻ കമ്പനികൾ തയ്യാറാവുകയുള്ളോ എന്നതാണ് ചോദ്യം.

Leave a Comment

More News