കളമശ്ശേരി: ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്ത് 75 കോടി രൂപയോളം നിക്ഷേപ തട്ടിപ്പ് നടത്തിയ അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉടമയും കൂട്ടാളികളും സ്ഥാപനം അടച്ചുപൂട്ടി ഒളിവില്‍ പോയതായി പോലീസ്. നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം ചെയർമാനും ഡയറക്ടർമാരും ആഡംബര വീടുകളും മറ്റ് സൗകര്യങ്ങളും നിർമ്മിച്ച് ധൂർത്തടിച്ചതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ അംഗീകരിച്ചതാണെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചുകൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തിലധികം നിക്ഷേപകരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. 2022 മുതൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആസ്ഥാനം കളമശ്ശേരിയിലെ പത്തടിപ്പാലത്താണ്. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ മാത്രം സ്ഥാപനത്തിന്റെ പേരില്‍ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെയർമാൻ അഖിൽ മുരളി, മാനേജിംഗ് ഡയറക്ടർ ആഷിക് മുരളി, വൈസ് ചെയർമാൻ/സിഇഒ പി.ആർ. മുരളീധരൻ, ഡയറക്ടർമാരായ എഴുമല, ബാലഗോവിന്ദൻ വി.വി., ഗോപാലകൃഷ്ണൻ സി.വി., അഞ്ജു കെ.എസ്., രാജേശ്വരി കെ.വി., ജി. ജ്ഞാനവാദിവേൽ എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പി.ആർ. മുരളീധരന്റെ മക്കളാണ് അഖിലും ആഷിക്കും. അഞ്ജുവും രാജേശ്വരിയും ഇവരുടെ കുടുംബാംഗങ്ങളാണ്.
വാടക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമ എത്തി കെട്ടിടം അടച്ചുപൂട്ടി. അതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് നിക്ഷേപകർ കമ്പനിയിലെ ജീവനക്കാരുടെ വീടുകളിൽ പോയി ബഹളം വയ്ക്കാൻ തുടങ്ങി. ജീവനക്കാർ ഇന്നലെ നിക്ഷേപകരെ കളമശ്ശേരിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. പോലീസും എത്തി നിക്ഷേപകരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മാർച്ച് മുതൽ പലിശയും കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളും നിക്ഷേപകര്‍ക്ക് നൽകിയിട്ടില്ല. തുടർന്ന് എല്ലാ ശാഖകളും അടച്ചുപൂട്ടി. കുട്ടികളുടെ വിവാഹത്തിനും വീട് നിർമ്മാണത്തിനുമായി സൂക്ഷിച്ചിരുന്ന പണം പലർക്കും നഷ്ടപ്പെട്ടു. ഏലംകുളം സ്വദേശിയായ ലെഫ്റ്റനന്റ് കേണൽ എ.എം. സജീറിന്റെ പരാതിയിൽ 90 ലക്ഷം രൂപയും പലിശയും നഷ്ടപ്പെട്ടു. ഇടപ്പള്ളി സ്വദേശിയായ രമാദേവിക്ക് 37 ലക്ഷം രൂപ നഷ്ടപ്പെട്ടു.
