കോതമംഗലം എം. എ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അലംനൈ യു‌എസ്‌എയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 28-ന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

ന്യൂയോര്‍ക്ക്: കോതമംഗലം മാര്‍ അത്തനേഷ്യസ് ആര്‍ട്‌സ് & സയന്‍സ് കോളേജ് അലംനൈ യു‌എസ്‌എയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ഞായറാഴ്ച വൈകീട്ട് 4:00 മണിക്ക് ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡിലെ മലബാര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് മീറ്റ് & ഗ്രീറ്റ് യോഗം നടത്തുന്നു.

യോഗത്തില്‍ മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ പ്രിന്‍സിപ്പലുമായ ഡോ. വിനി വര്‍ഗീസ്, ആര്‍ട്‌സ് & സയന്‍സ് കോളേജിന്റെ നിലവിലെ പ്രിന്‍സിപ്പലായ ഡോ. മഞ്ജു കുര്യന്‍, മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലായ ഡോ. ബോസ് മാത്യൂ ജോസ് എന്നിവരെ ആദരിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അലംനൈ യു‌എസ്‌എ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. എം.എ കോളേജിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാലയത്തിന്റെ ശ്രേയസ്സ് നിലനിര്‍ത്തുന്നതിനും അക്ഷീണന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാരഥികളുമായി സംവദിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായിരിക്കും ഈ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.

അക്കാദമിക് തലത്തിലും, പഠ്യേതര നിലകളിലും ഇന്ത്യയില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന കലാലയങ്ങളാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും, ആര്‍ട്‌സ് & സയന്‍സ് കോളേജും. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അവാര്‍ഡുകള്‍ ഈ കലാലയങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഗ്രീന്‍ കോളേജ് അവാര്‍ഡ് – 2025 ലഭിച്ചിരിക്കുന്നത് മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിനാണ്. കഴിഞ്ഞ വര്‍ഷത്തെ ഗ്രീന്‍ അവാര്‍ഡ് എം.എ. ആര്‍ട്‌സ് & സയന്‍സ് കോളജിനാണ് ലഭിച്ചതെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഈ ലോകോത്തര പുരസ്‌കാരം ഏറ്റു വാങ്ങുന്നതിനാണ് കോളേജ് അസോസിയേഷന്‍ സെക്രട്ടറിയും പ്രിന്‍സിപ്പല്‍മാരും ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുന്നത്.

പാരിസ്ഥിതിക സംരക്ഷണം, പാരിസ്ഥിതിക കാര്യസ്ഥത തുടങ്ങിയ കാര്യങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും, വിജകരമായി അവയെ കാമ്പസുകളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മഹത്ത്വരമായ ഈ അന്താരാഷ്ട്ര ബഹുമതി നല്‍കപ്പെടുന്നത്.

Leave a Comment

More News