സുകുമാരൻ നായരുടെ ഇടത് അനുകൂല നിലപാട്; കരയോഗ ഭാരവാഹികളും അംഗങ്ങളും പ്രതിഷേധം ശക്തമാക്കി

പത്തനംതിട്ട: വിശ്വാസ പ്രശ്നവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍ക്കെതിരെ പ്രതിഷേധം ശക്തമായി. അദ്ദേഹത്തിന്റെ ഇടതുപക്ഷ അനുകൂല നിലപാടിനെതിരെ അതൃപ്തി പ്രകടിപ്പിച്ച കരയോഗ ഭാരവാഹികളും അംഗങ്ങളും കുമ്പഴ തുണ്ടുമണ്‍‌കരയില്‍ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. എൻഎസ്എസ് രൂപീകരണത്തിന്റെ ചരിത്രം തന്നെ പത്തനംതിട്ടയിൽ ആരംഭിച്ചതാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് വിമർശകർ രംഗത്തെത്തിയത്. ആത്മാഭിമാനമുള്ള നായന്മാരുടെ കേന്ദ്രമാണ് പത്തനംതിട്ടയെന്ന് അവർ വ്യക്തമാക്കി. മന്ത്രി ഗണേഷ് കുമാർ സുകുമാരൻ നായർക്ക് നൽകിയ പിന്തുണയ്ക്കെതിരെയും അവർ രൂക്ഷ വിമർശനം ഉന്നയിച്ചു.

മന്ത്രി കെ.ബി. ഗണേഷ് കുമാർ പരസ്യമായി പിന്തുണയുമായി രംഗത്തെത്തിയത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ഒരു നായര്‍ കുടുംബത്തിലെ നാല് പേര്‍ രാജി വെച്ചാല്‍ എൻ.എസ്.എസിനെ ബാധിക്കില്ലെന്നും, പത്തനംതിട്ടയിൽ നിന്നാണ് സംഘടനയെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ ചില വിഭാഗങ്ങളിൽ നിന്ന് കേസുകളും കോടതി വ്യവഹാരങ്ങളും ഉയരുന്നതെന്നും, പണം ചെലവഴിച്ച് ആർക്കും അനാവശ്യ പ്രചാരണം നടത്താമെന്നും അദ്ദേഹം പരിഹസിച്ചു. സുകുമാരൻ നായരുടെ നിലപാടിന് രാഷ്ട്രീയ വൈദഗ്ധ്യമില്ലെന്നും സർക്കാരും എൻ.എസ്.എസും തമ്മിൽ സംഭാഷണം നടത്തുന്നതിൽ തെറ്റില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയും സുകുമാരൻ നായർ പ്രകടിപ്പിച്ചു. ശബരിമല വിഷയത്തിൽ എൻഎസ്എസുമായി ആശയവിനിമയം നടത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതാണ് തന്റെ അതൃപ്തിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവുമായുള്ള എൻഎസ്എസിന്റെ അടുപ്പം വോട്ട് രാഷ്ട്രീയത്തിൽ കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാർട്ടി നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ചില കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന്റെ അറിവോടെ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. സമദൂര നയം തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും, നിലവിലെ സംസ്ഥാന നേതൃത്വവുമായുള്ള അകലം അദ്ദേഹം സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്. നേതാക്കളുടെ സന്ദർശനം വ്യക്തിപരമാണെന്നും സമുദായ സംഘടനകളുടെ ആസ്ഥാനങ്ങൾ സന്ദർശിക്കുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വ്യക്തമാക്കി.

Leave a Comment

More News